കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഭരണസമിതി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ഇറക്കിയ ലഘുലേഖ കളക്ടറുടെ വിലക്ക് ലംഘിച്ച് വീണ്ടും വിതരണം ചെയ്ത് എൽ.ഡി.എഫ്. ഇന്നലെ ബേപ്പൂർ, മലാപ്പറമ്പ് തുടങ്ങി നഗരത്തിലെ വിവിധ വാർഡുകളിലാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളും പ്രവർത്തകരും വീടുകളിൽ ലഘുലേഖ വിതരണം ചെയ്തത്. തിരഞ്ഞെടുപ്പ് ലംഘനമാണെന്ന് കളക്ടർ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയ ലഘുലേഖയുടെ വിതരണം താത്ക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവുണ്ടെങ്കിലും എൽ.ഡി.എഫ് പരസ്യമായി വിതരണം തുടരുകയാണ്. ആദ്യ ദിവസങ്ങളിൽ പാർട്ടി പത്രങ്ങളോടൊപ്പം ഒളിച്ചു പാർത്തും വിതരണം ചെയ്ത ലഘുലേഖയ്‌ക്കെതിരെ ഇലക്ഷൻ കമ്മിഷൻ നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് പരസ്യ വിതരണം ആരംഭിച്ചത്. സംഭവത്തിൽ കഴിഞ്ഞ ദിവസം കോർപറേഷൻ സെക്രട്ടറി കളക്ടർക്ക് വിശദീകരണം നൽകിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഭരണസമിതിയുടെ പ്രോഗ്രസ് റിപ്പോർട്ട് 'തിളക്കം" എന്ന പേരിൽ പുറത്തിറക്കിയതെന്നും കൗൺസിലർമാർക്ക് മാത്രമാണ് ഇവ വിതരണം ചെയ്തതുമെന്നാണ് സെക്രട്ടറി നൽകിയ വിശദീകരണം. കൗൺസിലർമാർക്ക് തിളക്കം വിതരണം ചെയ്ത രേഖകൾ ഹാജരാക്കാൻ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ രേഖകൾ ലഭിച്ച ശേഷം കളക്ടർ തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |