കോഴിക്കോട്: കോർപ്പറേഷൻ ഭരണ നേട്ടങ്ങൾ വിവരിച്ച് പുറത്തിറക്കിയ ‘തിളക്കം’ പ്രോഗ്രസ് റിപ്പോർട്ട് വിതരണത്തിൽ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് എൽ.ഡി.എഫ്. പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷനും കലക്ടർക്കും പരാതി നൽകുമെന്നും കോർപ്പറേഷൻ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് ഒക്‌ടോബർ 26,27 തിയതികളിലായി സംഘടിപ്പിച്ച വികസന സദസിലാണ് പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കിയത്. അഞ്ച് വർഷം നഗരസഭ വിവിധ വാർഡുകളിൽ നടത്തിയിട്ടുള്ള വികസനപ്രവർത്തനങ്ങളും പദ്ധതികളും കൗൺസിലർമാരുടെ ഫോട്ടോകളും ഉൾപ്പെടെ അടങ്ങുന്ന ഒരു പോഗ്രസ് റിപ്പോർട്ടാണ്. രാഷ്ട്രീയമായ ഒരു വാചകം പോലും ഈ പ്രസിദ്ധീകരണത്തിലില്ല. കൗൺസിലർമാർ നടത്തിയ വികസനപ്രവർത്തനങ്ങൾ വീടുകളിലെത്തിക്കുന്നതിൽ എന്ത് ചട്ടലംഘനമാണ് നടത്തിയതെന്ന് മനസിലാകുന്നില്ല. നഗരത്തിലെ എല്ലാ വീടുകളിലേക്കും ഈ വികസന പത്രിക എത്തുമ്പോൾ അതിൽ വിളറി പിടിച്ചു കൊണ്ടാണ് ചട്ടം ലംഘിച്ചു എന്ന പേരിൽ യു.ഡി.എഫ് പരാതി നൽകിയിരിക്കുന്നത്. തിളക്കമാർന്ന വികസന പ്രവർത്തനങ്ങൾ നടത്തിയ അഞ്ചു വർഷത്തെ അഭിമാനകരമായ പദ്ധതികൾ ജനങ്ങളിലെത്തിക്കേണ്ടത് അനിവാര്യമാണ്. ഒരു ലക്ഷം കോപ്പിയാണ് അടിച്ചത്. സർക്കാർ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് കോർപറേഷൻ ഫണ്ടുപയോഗിച്ചാണ് പുസ്തകം അച്ചടിച്ചത്.
2015-20 കൗൺസിലിന്റെ കാലത്ത് പുസ്തകം പ്രസിദ്ധീകരിച്ചാണ്. അന്നില്ലാത്ത എന്ത് പ്രശ്മമാണ് ഇന്നുള്ളത്. തിരഞ്ഞെടുപ്പിൽ കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ എൽ.ഡി.എഫിന് കൂടുതൽ സീറ്റ് ലഭിക്കും. പ്രാദേശിക വികസനമാണ് ജനങ്ങൾക്ക് പ്രധാനം. വികസനത്തിലൂന്നി എൽ.ഡി.എഫ് പ്രചാരണം നടത്തുമ്പോൾ മതവിശ്വാസത്തെ ഉപയോഗിച്ച് ചട്ടവിരുദ്ധമായ പ്രചാരണമാണ് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നതെന്നും നേതാക്കൾ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ കോർപറേഷൻ ഡെപ്യൂട്ടി മേയറും സ്ഥാനാർത്ഥിയുമായ സി.പി മുസാഫർ അഹമ്മദ്, എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പി.നിഖിൽ, ഘടകകക്ഷി നേതാക്കളായ പി.കെ നാസർ, പി.കിഷൻചന്ദ്, പി.ടി ആസാദ്, രതീഷ് വടക്കേടത്ത്, സി.അബ്ദുൽ റഹീം, കരുണാകരൻ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |