തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നു. ഇനി പുതിയ ഭരണസമിതി അധികാരത്തിൽ. വോട്ട് കഴിഞ്ഞാൽ എന്തുമാവാം എന്ന കാലം കഴിഞ്ഞു. ഭരിച്ചവർ എന്തുചെയ്തു എന്നതു തന്നെയാവും അഞ്ചുവർഷം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പിലെ പ്രധാനം. പുതിയ ഭരണസമിതി അധികാരത്തിലേറുമ്പോൾ കോഴിക്കോട് ജില്ലയിൽ ' എന്തൊക്കെ ശരിയാവും..?' . മുടങ്ങിപ്പോയവ, തുടങ്ങേണ്ടവ, തുടരാനുള്ളവ... പ്രതീക്ഷകൾ. പരമ്പര ഇന്നുമുതൽ
പുതിയ കോർപ്പറേഷൻ ഭരണസമിതിക്ക് ആദ്യവെല്ലുവിളിയാവും കല്ലുത്താൻകടവിലെ ന്യൂ പാളയം പച്ചക്കറി മാർക്കറ്റ്. നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ കല്ലുത്താൻകടവ് 'ന്യൂ പാളയം' മാർക്കറ്റിൽ പ്രവേശിക്കില്ലെന്ന ഉറച്ച നിലപാടിൽ വ്യാപാരികൾ തുടരുന്നു. വാടകവർദ്ധനവും സൗകര്യങ്ങളുടെ അപര്യാപ്തതയും മറ്റുമാണ് അവർ ചൂണ്ടികാട്ടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തൊട്ട് മുന്നേയാണ് പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ കോർപ്പറേഷന്റെത് ഏകപക്ഷീയമായ തീരുമാനമാണെന്നാണ് വ്യാപാരികൾ അന്നേ ആരോപിച്ചത്. എന്നാൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച കോർപ്പറേഷൻ ഇനി എന്ത് നിലപാടെടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എൽ.ഡി.എഫിന് ഇത്തവണ മൃഗീയ ഭൂരിപക്ഷമില്ല. നേരത്തെ തന്നെ വ്യാപാരികളുടെ പക്ഷം ചേർന്ന യു.ഡി.എഫ് കോർപ്പറേഷൻ തീരുമാനത്തെ എതിർക്കാനാണ് സാദ്ധ്യത. ബി.ജെ.പിയും മാർക്കറ്റ് ഉദ്ഘാടനം ബഹിഷ്‌ക്കരിച്ചിരുന്നു. എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായി മീഞ്ചന്തയിൽ മത്സരിച്ച സി.പി മുസാഫർ അഹമ്മദിനെതിരെ വ്യാപാരികൾ ശക്തമായ നിലപാടായിരുന്നു സ്വീകരിച്ചത്. മുസാഫർ മീഞ്ചന്തയിൽ തോറ്റതും വ്യാപാരികളുടെ ഭാവി പ്രതിഷേധത്തിന് ശക്തിപകരുമെന്നാണ് കരുതുന്നത്. കല്ലുത്താൻകടവ് മാർക്കറ്റ് 21 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.
പാളയം മാർക്കറ്റിൽ നിന്നും മാറേണ്ട 153 കച്ചവടക്കാരിൽ 40ഓളം പേർ മാത്രമാണ് നിലവിൽ സ്ഥാനം ഉറപ്പിച്ചത്. തൊഴിലാളികളുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് സ്‌ക്വയർഫീറ്റിനു 80 രൂപ തോതിലാണ് കച്ചവടക്കാരിൽ നിന്ന് വാടക ഈടാക്കാൻ കോർപ്പറേഷൻ തീരുമാനിച്ചതെന്ന് അധികൃതർ പറയുന്നു.
''നിലവിൽ പാളയത്ത് തുറന്ന വ്യാപാര സംവിധാനമാണ്. എന്നാൽ പുതിയ മാർക്കറ്റിലെ ഇരട്ടിയലധികം വാടകയും റോഡിന്റെ സൗകര്യക്കുറവുമെല്ലാം കച്ചവടത്തെ ബാധിക്കും. ഹോൾസെയിൽ മാർക്കറ്റിംഗിനായി ഏർപ്പെടുത്തിയ മെഷീൻ സംവിധാനങ്ങൾ നിലച്ചാൽ പച്ചക്കറി വിൽപനയെ ബാധിക്കും. റീട്ടെയിൽ കച്ചവടക്കാർക്ക് നറുക്കെടുപ്പിൽ മുകളിലെ മുറിയാണ് കിട്ടിയത്. അതുകൊണ്ട് കല്ലുത്താൻകടവിൽ പ്രതീക്ഷിക്കുന്ന കച്ചവടം കിട്ടില്ല. ഈ വിഷയത്തിൽ പ്രതിഷേധമായി മുന്നോട്ടു പോകും'' പി.കെ കൃഷ്ണദാസ്,വെജിറ്റബിൾ മാർക്കറ്റ് കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |