122 വീടുകളുടെ വാർപ്പ് പൂർത്തിയായി
കൽപ്പറ്റ: ഉരുളെടുത്ത ഒരു ജനതയുടെ പ്രതീക്ഷകൾക്ക് ചിറക് മുളക്കുന്നു. മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിതർക്ക് സുരക്ഷിതവും സമഗ്രവുമായ പുനരധിവാസം ഉറപ്പാക്കാൻ എൽസ്റ്റൺ എസ്‌റ്റേറ്റിൽ ഒരുക്കുന്ന ടൗൺഷിപ്പ് നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. എൽസ്റ്റണിൽ 122 സ്വപ്ന ഭവനങ്ങളുടെ വാർപ്പ് പൂർത്തിയായി. അഞ്ചു സോണുകളിലെ നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. 344 വീടുകൾക്കുള്ള സ്ഥലമൊരുക്കൽ പൂർത്തിയായി. 326 വീടുകളുടെ അടിത്തറയൊരുക്കലും 126 വീടുകളുടെ എർത്ത് വർക്ക്, 305 വീടുകൾക്കായുള്ള പ്ലെയിൻ സിമന്റ് കോൺക്രീറ്റ് പ്രവൃത്തികളും ഇതിനോടകം പൂർത്തിയായി. 303 വീടുകളുടെ അടിത്തറ നിർമ്മാണം, 302 വീടുകളിലെ സ്റ്റമ്പ്, 287 വീടുകളുടെ പ്ലിന്ത്, 243 വീടുകളിൽ ഷിയർ വാഘ എന്നിവയുടെ പ്രവർത്തനങ്ങളും പൂർത്തിയായി. 122 വീടുകളുടെ സ്ലാബ് പ്രവർത്തനം പൂർത്തിയായിട്ടുണ്ട്. ഏഴ് വീടുകളുടെ പ്ലാസ്റ്ററിംഗ് 49 വീടുകളുടെ ഗ്രിഡ് സ്ലാബ് പ്രവൃത്തിയും നിലവിൽ പൂർത്തീകരിച്ചു. ടൗൺഷിപ്പിലൂടെ കടന്നുപോകുന്ന കെ.എസ്.ഇ.ബിയുടെ വിതരണ ലൈൻ മാറ്റി സ്ഥാപിക്കുകയും 110 കെ.വി ലൈനിനായി നാല് പ്രധാന ടവറുകൾ ഏൽസ്റ്റണിൽ സ്ഥാപിക്കുകയും ചെയ്തു.
റോഡ് നിർമ്മാണം മൂന്ന് ഘട്ടങ്ങളായി
മൂന്ന് ഘട്ടങ്ങളായാണ് റോഡ് നിർമ്മാണം പുരോഗമിക്കുന്നത്. 12.65 മീറ്റർ വീതിയിലുള്ള പ്രധാന പാതയ്ക്ക് 1100 മീറ്റർ ദൈർഘ്യമാണുള്ളത്. 9.5 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡ് 2.770 കിലോ മീറ്ററാണുണ്ടാവുക. ഇവ ടൗൺഷിപ്പിലെ വിവിധ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതകളാണ്. ഇടറോഡുകളായി കണക്കാക്കുന്ന റോഡിന് 5.8 മീറ്ററാണ് വീതി. 7.553 കിലോ മീറ്റർ ദൈർഘ്യത്തിലാണ് ഇത്തരം റോഡുകൾ നിർമ്മിക്കുന്നത്. താമസ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം ഈ റോഡിലൂടെയായിരിക്കും. പ്രധാന പാതയുടെ 490 മീറ്ററും രണ്ടാംഘട്ടത്തിലെ പാതയുടെ 906 മീറ്ററും നിർമിച്ചു.
ഇടറോഡുകൾക്കായുള്ള സ്ഥലത്ത് 812 മീറ്ററിൽ മണ്ണിട്ട് നികത്തിയിട്ടുണ്ട്. പ്രാധാന റോഡിൽ ഇലക്ട്രിക്കൽ ഡക്ട് നിർമ്മാണവും സൈഡ് ഡ്രെയിൻ നിർമാണവും പുരോഗമിക്കുകയാണ്. ആകെ 11.423 കിലോമീറ്റർ റോഡുകളാണ് ടൗൺഷിപ്പിൽ നിർമിക്കുക. ഒൻപത് ലക്ഷം ലിറ്റർ ശേഷിയിൽ നിർമിക്കുന്ന കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഡ്രെയ്‌നേജ് എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്. രാപ്പകൽ വ്യത്യാസമില്ലാതെ 1300ലധികം തൊഴിലാളികളാണ് ടൗൺഷിപ്പിൽ കർമനിരതരാവുന്നത്. തൊഴിലാളികളുടെ എണ്ണം ഇനിയും വർദ്ധിപ്പിച്ച് നിർമാണപ്രവൃത്തികൾ വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |