കൽപ്പറ്റ: ഹൃദയ അറകളിലെ ദ്വാരങ്ങൾ അടയ്ക്കുന്ന പ്രൊസീജിയർ റോട്ടറി ക്ലബ് 26 കുട്ടികൾക്ക് സൗജന്യമായി ചെയ്തുകൊടുക്കും. ഹൃദയത്തിനു ജന്മനാ വൈകല്യമുള്ള കുട്ടികളിൽ നീലഗിരി, വയനാട് ജില്ലകളിൽനിന്നു തിരഞ്ഞെടുത്തവർക്കാണ് ലിയോ മെട്രോ കാർഡിയാക് സെന്ററിന്റയും റോട്ടറി ഇന്റർനാഷണലിന്റെയും സഹകരണത്തോടെ പ്രൊസീജിയർ നൽകുന്നത്. റോട്ടറി ഗ്ലോബൽ ഗ്രാന്റ്, റോട്ടറി ഡിസ്ട്രിക്ട് ഫണ്ട്, റോട്ടറി ഫൗണ്ടേഷൻ ഫണ്ട്, ബ്രസീലിലെ റോട്ടറി ക്ലബുകളിൽ ഒന്നിന്റെ സംഭാവന ഉൾപ്പെടെ ഏകദേശം 27 ലക്ഷം രൂപയാണ് മൂന്നു മാസമെടുത്തു പൂർത്തിയാക്കുന്ന പ്രൊസീജിയറിനു വിനിയോഗിക്കുന്നത്. 60,000 രൂപ വിലവരുന്ന അമേരിക്കൻ നിർമിത ഉപകരണമാണ് ഓരോ പ്രൊസീജിയറിനും ഉപയോഗപ്പെടുത്തുക. അര മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ നീളുന്നതാണ് ഒരു പ്രൊസീജിയർ. പ്രൊസീജിയർ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ലിയോ ഹോസ്പിറ്റൽ കോൺഫറൻസ് ഹാളിൽ ടി. സിദ്ദിഖ് എം.എൽ.എ നിർവഹിക്കുമെന്ന് ലിയോ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ.ടി.പി.വി. സുരേന്ദ്രൻ, റോട്ടറി ക്ലബ് പ്രസിഡന്റ് ടി.ഡി. ജൈനൻ, മുൻ പ്രസിഡന്റ് സുർജിത്ത് രാധാകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റോട്ടറി ഡിസ്ട്രിക്ട് മുൻ ഗവർണർ ഡോ.സന്തോഷ് ശ്രീധർ മുഖ്യാതിഥിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |