കോഴിക്കോട്: നവീകരണ പ്രവൃത്തി പുരോഗമിക്കുന്ന മാനാഞ്ചിറ റോഡ് പുതുവത്സരത്തിന് മുമ്പ് ഗതാഗത യോഗ്യമാക്കി യാത്രക്കാർക്ക് തുറന്നു കൊടുക്കാൻ തീവ്രശ്രമം. ഒന്നര മാസത്തോളം നീണ്ട പ്രവൃത്തിയാണ് അവസാനഘട്ടത്തിലേക്ക് കടന്നത്. ചെറുമഴയിൽ പോലും വെള്ളക്കെട്ടിലാവുന്ന സ്പോർട്സ് കൗൺസിൽ ഓഫീസ് പരിസരത്ത് 120 മീറ്റർ നീളത്തിൽ ഇന്റർലോക്ക് പാകുന്ന പ്രവൃത്തിക്കായാണ് നഗരഹൃദയത്തിലെ റോഡ് മുന്നൊരുക്കങ്ങളില്ലാതെ അടച്ചത്. ഇതോടെ നഗരത്തിലെ ഗതാഗതം താറുമാറായിരുന്നു. കട്ടകൾ പാകുന്നത് ഏതാണ്ട് പൂർത്തിയായി. ഇത് ഇളകിപ്പോവാതിരിക്കാൻ നാലു ഭാഗത്തും കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് വരും ദിവസങ്ങളിൽ നടക്കുക.
കോൺക്രീറ്റ് ഉറയ്ക്കാൻ രണ്ടാഴ്ചയോളം വേണ്ടിവരും. അതിന് ശേഷം ചെറുവാഹനങ്ങൾ കടത്തി വിടും. പിന്നീട് എല്ലാ വാഹനങ്ങൾക്കും ഇതുവഴി സഞ്ചരിക്കാനാവും. ഓവുചാലിന്റെ നവീകരണ പ്രവൃത്തി പൂർത്തിയായി. ഓടയിൽ മാലിന്യങ്ങൾ നിറഞ്ഞ് ഒഴുക്ക് തടസപ്പെടാതിരിക്കാൻ വിവിധ ഭാഗങ്ങളിൽ മൂന്ന് വലിയ ചേംബറുകൾ നിർമിച്ചിട്ടുണ്ട്. റോഡിലെ വെള്ളം ഓവുചാലിലേക്കെത്തുന്നത് ചേംബർ വഴിയാണ്.
ചേംബറിൽ നിന്ന് ഓവുചാലിലേക്കുള്ള ഭാഗം ഇരുമ്പ് അരിപ്പ വെച്ച് അടച്ചതിനാൽ ഓവുകളിൽ മാലിന്യം അടിഞ്ഞു കൂടില്ല. ചേംബറുകൾ തുറന്ന് മാലിന്യം നീക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നാൽപത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പ്രവൃത്തി.
നിലവിൽ എൽ.ഐ.സി ബസ്റ്റോപ്പ് മുതൽ സ്പോർട്സ് കൗൺസിൽ ഹൗൾ വരെയുള്ള ഭാഗത്ത് കോൺക്രീറ്റ് കട്ടകൾ വിരിക്കുന്നത് പൂർത്തിയായി കഴിഞ്ഞു. കിഡ്സൺ കോർണർ ഭാഗത്താണ് ഇപ്പോൾ ഇന്റർലോക്ക് പാകുന്നത്. ഇത് പൂർത്തിയായി കഴിഞ്ഞാൽ പൊളിച്ച കോൺഗ്രീറ്റും മറ്റും മാറ്റണം. ചിറയുടെ ഭാഗത്ത് റോഡ് തകർന്നതും മാറ്റി പണിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |