
കോഴക്കോട്: കല്ലായി എഫ്.എം എന്ന സിനിമയുടെ നാലു വർഷത്തെ പ്രൊഡക്ഷൻ കാലയളവിൽ ശ്രീനിവാസൻ എന്ന പേര് മൊബൈലിൽ തെളിയുമ്പോൾ ഉള്ളിൽ ഒരു കിടുങ്ങലായിരുന്നുവെന്ന് സംവിധായകൻ വിനീഷ് മല്ലേനിയം പറയുന്നു. സാധാരണ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ശ്രീനിവാസൻ മികച്ചൊരു നടനും തിരക്കഥാകൃത്തും സംവിധായകനുമാണ്. അവർക്ക് നല്ലൊരു തമാശക്കാരനുമാണ് അദ്ദേഹം. നന്നായി അറിയുന്നവർക്ക് പോലും ശ്രീനയേട്ടനെ പേടിയായിരുന്നു. പേടി മാറ്റാൻ കുറച്ചു കൂടി അടുത്തപ്പോൾ ശ്രീനയേട്ടൻ എന്ന് മാറ്റി മൊബൈലിൽ സേവ് ചെയ്തു. പറയാനുള്ളത് മുഖത്ത് നോക്കി പറയുന്നതായിരുന്നു അദ്ദേഹത്തിൻറെ സ്വഭാവം.
തന്നെപോലെ ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന സിനിമയെടുക്കുകയെന്നത് കഠിനമായ അനുഭവമാണ്. എന്നാൽ അദ്ദേഹം തൻറെ കൂടെ നിന്ന് എല്ലാ സഹായങ്ങളും ചെയ്തുവെന്ന് വിനീഷ് പറഞ്ഞു. അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായ മാങ്കാവ് സ്വദേശിയായ റേഡിയോ കോയക്കയുടെ ജീവിതം ആസ്പദമാക്കിയുള്ള കല്ലായി എഫ്.എം സിനിമയിൽ പ്രധാന വേഷത്തിലെത്തിയത് ശ്രീനിവാസനായിരുന്നു. വിനീഷ് മല്ലേനിയം സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴക്കോട്ടായിരുന്നു.
1973 ൽ മുഹമ്മദ് റഫി മാനാഞ്ചിറ മൈതാനത്ത് പരിപാടി അവതരിപ്പിച്ചപ്പോൾ ടിക്കറ്റെടുക്കാൻ കാശില്ലാത്തതിനാൽ മതില് ചാടിക്കടന്ന് വേദിക്കടുത്തെത്തി പാട്ടു കേട്ട അനുഭവമുണ്ട് റേഡിയോ കോയക്കയ്ക്ക്. മുഹമ്മദ് റഫി മാനാഞ്ചിറ മൈതാനത്ത് നടത്തിയ സംഗീത പരിപാടിയും കല്ലായി എഫ്.എം സിനിമയിൽ പുനരാവിഷ്‌ക്കരിച്ചിരുന്നു. റഫിയായി വേഷമിട്ടത് റഫിയുടെ മകൻ ഷാഹിദ് റഫിയായിരുന്നു. അദ്ദേഹവുമൊത്തുള്ള രംഗങ്ങളെല്ലാം വലിയ സന്തോഷത്തോടെയാണ് റഫിയെ ഇഷ്ടപ്പെടുന്ന ശ്രീനിവാസൻ ചെയ്തത്. ഇണങ്ങിയും പിണങ്ങളും വീണെടുത്തു നിന്ന് തന്നെ എണീപ്പിച്ച് നടത്തിയ ജ്യേഷ്ഠ പിതൃ തുല്യനായ വ്യക്തിയായിരുന്നു ശ്രീനിവാസനെന്നും വിനീഷ് മല്ലേനിയം പറഞ്ഞു. തീ കുളിക്കും പച്ചൈ മരം, ജോറാ കയ്യെ തട്ട്‌ങ്കെ തുടങ്ങിയ തമിഴ് സിനിമകളുടെയും സംവിധായകനാണ് വിനീഷ് മല്ലേനിയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |