ചരിത്രം വഴിമാറുന്ന കാഴ്ചയാണ് കോഴിക്കോട് കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും. കോർപ്പറേഷൻ കഷ്ടിച്ച് ഇടതുപക്ഷം നിലനിർത്തിയെങ്കിൽ ഉണ്ടായകാലം മുതൽ ഒപ്പമുണ്ടായിരുന്ന ജില്ലാപഞ്ചായത്ത് നഷ്ടമായി. രണ്ടിടത്തും തിരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞ നടത്തി. കോർപ്പറേഷനിലേക്ക് നിയുക്ത മേയറായി ഒ.സദാശിവനും ജില്ലാപഞ്ചായത്തിൽ പ്രസിഡന്റായി മില്ലിമോഹനും. രാഷ്ട്രീയമായി രണ്ടിടത്തും ബലാബലം. മുന്നണികൾ മേയർ സ്ഥാനാർത്ഥികളെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനേയും മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ഇവരായിരിക്കും കോഴിക്കോടിനെ വരുന്ന അഞ്ചുവർഷം നയിക്കുകയെന്ന് ഉറപ്പായി. മില്ലിമോഹനും ഒ.സദാശിവനും കോഴിക്കോടിന്റെ വികസനത്തെക്കുറിച്ച് സംസാരിക്കുന്നു.
ഒന്നിച്ച് മുന്നേറും: ഒ സദാശിവൻ
പ്രതീക്ഷിക്കാതെ
നഗരപിതാവാകുന്നു...?
അപ്രതീക്ഷിതവും അവിചാരിതവുമായാണ് ഈ പദവിയിലേക്ക് നിയോഗിക്കപ്പെട്ടത്. സന്തോഷമുണ്ട്, അതേസമയം
ഭാരിച്ച ചുമതലയാണ് വന്നുചേർന്നതെന്ന ആശങ്കയും. നേരത്തെ രണ്ട് തവണ കൗൺസിലറായി പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്ത് മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഗുണപ്രദമാകും എന്ന വിശ്വാസമുണ്ട്. ഒരുമിച്ച് കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്.
കോഴിക്കോട് മാറുമോ..?
കഴിഞ്ഞ ഭരണസമിതി തുടങ്ങിവെച്ച പല പദ്ധതികളും മുന്നോട്ട് കൊണ്ടുപോകാനാണ് പ്രധാനമായും ശ്രമിക്കുക. ടാഗോർ ഹാൾ നവീകരണം, പാർക്കിംഗ് പ്ലാസ, എരവത്ത് കുന്ന് ടൂറിസം പദ്ധതി, സെന്റർ മാർക്കറ്റ് തുടങ്ങി നിരവധി പദ്ധതികൾ പൂർത്തിയാക്കാനുണ്ട്. അഴക് പദ്ധതിയിലൂടെ മാലിന്യപ്രശ്നം ഒരു പരിധിവരെ ഇല്ലാതാക്കാൻ കഴിഞ്ഞു. നഗരത്തിൽ ടോയ്ലറ്റുകൾ സ്ഥാപിക്കും. സാഹിത്യ നഗരവുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് പ്രവർത്തനങ്ങൾ ചെയ്ത് തീർക്കാനുണ്ട്. പുതിയ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കും. കാലാനുസൃതമായ പല പദ്ധതികളും നടപ്പിലാക്കാൻ ഊർജ്ജിത ശ്രമം ഉണ്ടാകും. വിദഗ്ദ്ധരായ വ്യക്തികളിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ചായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
രാഷ്ട്രീയ കലുഷിതമല്ലേ
ഇത്തവണ ഭരണം..?
കേവല ഭൂരിപക്ഷം ഇല്ലാതെയാണ് ഇടതുപക്ഷം ഭരണത്തിലേക്ക് പ്രവേശിക്കുന്നത്. അത് അംഗീകരിക്കുന്നു.പക്ഷേ, നഗര വികസന കാര്യങ്ങളിൽ ഞങ്ങൾ ഒറ്റക്കെട്ടായിരിക്കും.
വന്യമൃഗ ശല്യത്തിന് പരിഹാരം കാണും: മില്ലി മോഹൻ
പ്രസിഡന്റ് സ്ഥാനം
പ്രതീക്ഷിച്ചിരുന്നോ....?
പാർട്ടി തീരുമാനിച്ച് എന്റെ പേര് പ്രഖ്യാപിക്കുകയായിരുന്നു. വളരെ സന്തോഷം തോന്നി. ഭാരിച്ച ചുമതലയാണ് വന്നിരിക്കുന്നത്. എല്ലാവരുമായി കൂടിയാലോചിച്ച് നന്നായി പ്രവർത്തിക്കാൻ സാധിക്കുമെന്ന് കരുതുന്നു.
കോഴിക്കോടിനായി
എന്തെല്ലാം കാര്യങ്ങൾ ?
സമൂഹത്തിലെ എല്ലാവിധ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്രമായ വികസന പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുക. മലയോര മേഖലയിലെ വന്യമൃഗ ശല്യം മൂലം കർഷകർ നേരിടുന്ന പ്രയാസത്തിന് അറുതി വരുത്തുകയാണ് പ്രധാന ലക്ഷ്യം. നശിച്ചുകൊണ്ടിരുക്കുന്ന കാർഷിക മേഖലയെ വീണ്ടെടുക്കണം. കുട്ടികൾക്ക് കളിക്കാൻ ആവശ്യത്തിന് കളിസ്ഥലമൊരുക്കും. മലയോര മേഖലയിലെ വിദ്യാർത്ഥികൾക്ക് നൽകിയ വാക്കാണ്. കായിക മേഖലയുടെ കുതിപ്പിനായി പദ്ധതികൾ കൊണ്ടുവരും. ടൂറിസത്തിന്റെ സാദ്ധ്യതകൾ പരിശോധിക്കും. തീരദേശ ജനതയുടെ ഉന്നമനത്തിനായി വിവിധ പദ്ധതികൾ,പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി നടന്നുകൊണ്ടിരിക്കുന്ന ‘സ്നേഹ സ്പർശം’ പദ്ധതി മുന്നോട്ട് കൊണ്ടുപോകും.
ഭരണത്തിൽ
പ്രതിസന്ധി നേരിടുമോ?
ആദ്യമായാണ് യു.ഡി.എഫ് അധികാരത്തിലേറുന്നത്. പ്രതിപക്ഷത്തെ നേരിടാൻ തയ്യാറായി കഴിഞ്ഞു.വിവാദങ്ങൾക്ക് ഒന്നും അവസരം ഇല്ലാത്ത വിധത്തിൽ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി യോജിച്ച പ്രവർത്തനം ആയിരിക്കും ഇനി വരാൻ പോകുന്ന നാളുകളിലുണ്ടാകുക. കാലാനുസൃതമായ പല പദ്ധതികളും നടപ്പിലാക്കാനും ഊർജ്ജിത ശ്രമം ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |