26 മുതൽ 28 വരെ, ഏഴ് വേദികൾ
കോഴിക്കോട് - ബേപ്പൂർ യോട്ട് ബോട്ട് സവീസ്
മലബാറിൽ ആദ്യമായി ഡ്രാഗൺ ബോട്ട് റേസ്
കോഴിക്കോട്: കരയിലും കടലിലും ആകാശത്തും വിസ്മയ കാഴ്ചകളൊരുക്കി ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ' 5 26 ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ 26 ന് ഫെസ്റ്റ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ജല-കായിക-സാഹസിക മാമാങ്കം കാണാൻ ആളൊഴുകും. ബേപ്പൂർ, ചാലിയം, നല്ലൂർ, രാമനാട്ടുകര ഗവൺ. എ.യു.പി സ്‌കൂൾ, ഫറോക്ക് വി പാർക്ക്, നല്ലളം വി പാർക്ക്, നല്ലളം അബ്ദുറഹ്‌മാൻ പാർക്ക് എന്നിങ്ങനെ ഏഴ് വേദികളിലായാണ് മൂന്ന് ദിവസങ്ങളിലായി വിവിധ പരിപാടികൾ അരങ്ങേറുക. പ്രധാന ആകർഷണങ്ങളിലൊന്നായ ഭക്ഷ്യമേള 25 മുതൽ 29 വരെ നടക്കും. 25ന് കോഴിക്കോട് നിന്ന് ബേപ്പൂരിലേക്ക് സൈക്കിൾ റാലിയും 28ന് ചാലിയത്തുനിന്ന് ബേപ്പൂരിലേക്ക് മാരത്തോണും സംഘടിപ്പിക്കും. കൈറ്റ് ഫെസ്റ്റിവലിൽ അഞ്ചോളം രാജ്യങ്ങളിൽ നിന്നും 15 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കൈറ്റ് ടീമുകൾ മാറ്റുരക്കും. കൈറ്റ് ചാമ്പ്യൻഷിപ്, കപ്പലുകളുടെയും നാവിക സാങ്കേതിക വിദ്യയുടെയും പ്രദർശനം, ജലസാഹസിക പ്രകടനങ്ങൾ, കലോത്സവം തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായുണ്ടാകും. ബീച്ച് സ്പോർട്സ് മത്സരങ്ങളുടെ ഭാഗമായ കബഡി, ബീച്ച് ഫുട്ബോൾ, ബീച്ച് വോളിബോൾ മത്സരങ്ങൾ 22, 23, 24 തീയതികളിൽ നടക്കും. ചെസ് മത്സരം, കളരി, കരാട്ടെ, മാർഷൽ ആർട്സ് ഡെമോൺസ്ട്രേഷൻ കയാക്കിംഗ്, സെയിലിംഗ്, സർഫിങ്, സ്റ്റാൻഡ് അപ്പ് പാഡലിങ്, ജെറ്റ് സ്‌കി, ഫ്ളൈ ബോർഡ്, ഡിങ്കി ബോട്ട് റേസ്, കൺട്രി ബോട്ട് റേസ്, മലബാറിൽ ആദ്യമായി ഡ്രാഗൺ ബോട്ട് റേസ് എന്നിവ 26 മുതൽ 28 വരെ നടക്കും. സമാപന സമ്മേളനം 28 ന് നടക്കും. വാർത്താസമ്മേളനത്തിൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്, ഫെസ്റ്റ് സംഘാടക സമിതി കൺവീനർ ടി.രാധാഗോപി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഡോ.ടി നിഖിൽദാസ്, സനോജ് കുമാർ, സൗമ്യ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
' തിരക്ക് നിയന്ത്രിക്കാൻ വികേന്ദ്രീകൃതമായാണ് വേദികൾ സജ്ജീകരിച്ചിട്ടുള്ളത്. ഫെസ്റ്റിന്റെ ഭാഗമായി കോഴിക്കോട് ബീച്ച് മുതൽ ബേപ്പൂർ വരെ ഗോവയിൽ നിന്നെത്തിച്ച യോട്ട് ബോട്ടുകൾ സർവീസ് നടത്തും. ഫെസ്റ്റ് കഴിഞ്ഞാലും ഇതുവഴിയുള്ള ഗതാഗതം തുടരും. ഈ സർവീസ് വരുന്നതോടെ പത്ത് മിനിറ്റിനകം കോഴിക്കോട് നിന്ന് ബേപ്പൂരിലെത്താം''- പി.എ മുഹമ്മദ് റിയാസ് , പൊതുമരാമത്ത് ടൂറിസം മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |