പ്രവൃത്തി പുരോഗതി വിലയിരുത്തി കളക്ടർ
കോഴിക്കോട്: കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ഇരു ജില്ലകളിലെയും യാത്രാ ദുരിതത്തിന് വലിയൊരളവോളം പരിഹാരമാകുന്നതുമായ ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാത നിർമ്മാണം ദ്രുതഗതിയിൽ. നിലവിൽ 12 മണിക്കൂർ ഷിഫ്റ്റിലാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്. ജനുവരിയിൽ പാറ തുരക്കൽ ആരംഭിക്കും. ഇതോടെ 24 മണിക്കൂറും പ്രവൃത്തി നടക്കും. ഒരാഴ്ചക്കകം തൊഴിലാളികൾക്ക് താമസിക്കാനുള്ള ഷെൽട്ടറുകൾ തുരങ്കപാതയ്ക്ക് അരികിലായി പൂർത്തിയാവും. താത്കാലിക പാലത്തിന്റെ നിർമ്മാണവും വേഗത്തിൽ പൂർത്തിയാക്കും. പ്രവൃത്തി പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് സ്ഥലം സന്ദർശിച്ചു. തുരങ്കപാതയുടെ കോഴിക്കോട് ജില്ലയിലെ തുടക്ക കേന്ദ്രമായ ആനക്കാംപൊയിൽ മറിപ്പുഴയിലായിരുന്നു സന്ദർശനം.
കൊങ്കൺ റെയിൽവേ ഉദ്യോഗസ്ഥർ, തുരങ്കപാതയുടെ നിർമാണം ഏറ്റെടുത്ത ദിലീപ് ബിൽഡ്‌കോൺ ഉദ്യോഗസ്ഥർ എന്നിവരുമായി കളക്ടർ ആശയവിനിമയം നടത്തി. പാതയുടെ നിർമ്മാണത്തിനായി എത്തിയ തൊഴിലാളികൾക്ക് ക്യാമ്പുകൾ സജ്ജീകരിക്കുന്ന സ്ഥലം, പാറ പൊടിക്കുന്നതിനുള്ള ക്രഷർ യൂണിറ്റ്, ഡമ്പിംഗ് യൂണിറ്റ് തുടങ്ങിയവയും കളക്ടർ സന്ദർശിച്ചു.
തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ് 31ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. നിശ്ചിത സമയത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്നാണ് കരുതുന്നത്. ഈ ലക്ഷ്യത്തോടെയാണ് പ്രവൃത്തി നടക്കുന്നത്.
തുരങ്കപാത നാലുവർഷംകൊണ്ട് പൂർത്തിയാകും. മറിപ്പുഴ (കോഴിക്കോട്) മുതൽ മീനാക്ഷി പാലം (വയനാട്) വരെയാണ് പാത. ഇരുവഞ്ഞി പുഴയ്ക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉൾപ്പെടും. ആറ് വളവുകളുള്ള റൂട്ടിൽ ഓരോ 300 മീറ്ററിലും തുരങ്കങ്ങളെ ബന്ധിപ്പിക്കുന്ന പാതയും (ക്രോസ് പാസേജ്) ഉണ്ടാവും. പദ്ധതി പൂർത്തിയായാൽ കോഴിക്കോട്–വയനാട് ഗതാഗതം സുഗമമാവും. യാത്രാസമയം കുറയുകയും വിനോദ സഞ്ചാര-വ്യാപാര മേഖലകൾക്ക് ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
തുരങ്കപാത ഇങ്ങനെ
ആകെ നീളം.... 8.73 കി.മീ
ഇരട്ട തുരങ്കം....8.11 കി.മി
നീളം കോഴിക്കോട് ജില്ലയിൽ....3.15 കി.മീ.
വയനാട് ജില്ലയിൽ.... 5.58 കി.മീ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |