SignIn
Kerala Kaumudi Online
Friday, 29 March 2024 1.29 PM IST

'കുലംകുത്തി'കളെ ആവുന്നത്ര മെരുക്കി ആർ.എം.പി യെ ഒതുക്കാൻ സി.പി.എം

cpm-flag


കോഴിക്കോട്: വടകര ഒഞ്ചിയം കേന്ദ്രീകരിച്ച് ടി.പി.ചന്ദ്രശേഖരൻ നേതൃത്വത്തിൽ ആർ.എം.പിയ്ക്ക് രൂപം നൽകിയപ്പോൾ 'കുലംകുത്തി"കളെന്ന് അധിക്ഷേപിച്ച് പുറന്തള്ളിയവരെ സി.പി.എം ഇരുകൈയും നീട്ടി സ്വീകരിക്കാൻ തുടങ്ങിയിരിക്കുകയാണ്. ലക്ഷ്യം ഒന്നുമാത്രം; വിട്ടുപോയവരെ വരുതിയിലാക്കി ആർ.എം.പി യെ ഇല്ലാതാക്കുക.

ആർ.എം.പി വടകര ഏരിയ സെക്രട്ടറിയടക്കം 16 പേരാണ് കഴിഞ്ഞ ദിവസം സി.പി.എമ്മിലേക്ക് തിരിച്ചെത്തിച്ചത്. പാർട്ടി ഒഞ്ചിയം ഏരിയാ സമ്മേളനവും കോഴിക്കോട് ജില്ലാ സമ്മേളനവും കഴിയുമ്പോഴേക്കും ആർ.എം.പി ഏതാണ്ട് നാമാവശേഷമാവുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം നേതൃത്വം. ഇതിനായി ഒഞ്ചിയത്തും പരിസരപ്രദേശങ്ങളിലുമായി പാർട്ടി നേതാക്കൾ വീടുകൾ തോറും കയറിയിറങ്ങി കൊണ്ടുപിടിച്ച ശ്രമത്തിലാണ്. തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരെയെല്ലാം നിറഞ്ഞ മനസ്സോടെ പാർട്ടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഒരുക്കിയ സ്വീകരണയോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ, സി.പി.എമ്മിന്റെ ഭയവും ആശങ്കയുമാണ് അവരെക്കൊണ്ട് ഇങ്ങനെയെല്ലാം ചെയ്യിക്കുന്നതെന്നായിരുന്നു ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ.വേണുവിന്റെ പ്രതികരണം. സ്വപ്‌നത്തിൽ പോലും അവർ കരുതിയതല്ല ഞങ്ങൾക്ക് ഒരു എം.എൽ.എ ഉണ്ടാകുമെന്ന്. അതും അവരുടെ ഉരുക്കുകോട്ടയായി വാഴ്‌ത്തുന്ന വടകരയിൽ. ഇപ്പോൾ ഒഞ്ചിയം, ഏറാമല, അഴിയൂർ പഞ്ചായത്തുകൾ ഭരിക്കുന്നുണ്ട്. മാവൂർ പഞ്ചായത്തിൽ യു.ഡി.എഫിനൊപ്പം ഭരണം പങ്കിടുന്നുമുണ്ട്. കുന്ദംകുളം നഗരസഭയിലും നാലു സീറ്റായി. വലിയ വളർച്ചയാണ് പാർട്ടിയ്ക്ക്. അത് അവരെ വല്ലാതെ ഭയപ്പെടുത്തിയിരിക്കുകയാണ്. ഞങ്ങൾ അച്ചടക്ക നടപടിയെടുത്തവരെ കൊണ്ടുപോയി മഹാസംഭവമെന്ന് പറഞ്ഞ് വാർത്തയുണ്ടാക്കുന്നതിൽ കാര്യമില്ലെന്നും വേണു പറയുന്നു.

ഏറാമല പഞ്ചായത്ത് ഭരണം ജനതാദളിന് കൈമാറുന്നതിനെ ചൊല്ലിയുള്ള പ്രശ്‌നങ്ങൾ മൂർച്ചിച്ച് 2009 ലാണ് ആർ.എം.പി രൂപം കൊണ്ടത്. ഒഞ്ചിയം സമരസേനാനികളുടെയും രക്തസാക്ഷി മണ്ടോടി കണ്ണന്റെയുമടക്കമുള്ള കുടുംബങ്ങളിലുള്ളവർ പാർട്ടി വിട്ടത് സി.പി.എമ്മിനെ കുറച്ചൊന്നുമല്ല ഉലച്ചത്. ഇടതുപക്ഷ ഏകോപന സമിതിയുടെ പേരിൽ വടകരയിൽ സ്വതന്ത്രനായി ആ വർഷം ചന്ദ്രശേഖരൻ മത്സരിച്ചപ്പോൾ 21,800 വോട്ട് നേടിയതും പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു. 2012 ലാണ് ചന്ദ്രശേഖരനെ കൊലക്കത്തിയ്ക്ക് ഇരയാക്കിയത്.

യു.ഡി.എഫ് പിന്തുണയോടെ പിന്നീട് തിരഞ്ഞെടുപ്പുകളെ നേരിട്ട ആർ.എം.പി കഴിഞ്ഞ തവണ വടകരയിൽ നിന്നു ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ യെ ജയിപ്പിച്ചെടുക്കുകയായിരുന്നു.

തുടക്കത്തിൽ തീവ്രഇടതുപക്ഷമായി നിലകൊണ്ട ആർ.എം.പി പിന്നീട് സി.പി.എം വിരോധം മൂത്ത് യു.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞതിൽ ഒരു വിഭാഗത്തിന് പ്രയാസമുണ്ട്. ഇത് പരമാവധി മുതലെടുത്ത് പാർട്ടിവിട്ടവരെ ആവുന്നത്ര തിരിച്ചുകൊണ്ടുവരാനുള്ള യജ്ഞമാണ് സി.പി.എമ്മിന്റേത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.