മലപ്പുറം: അറബിക്കടലിലെ അതിമർദ്ദം മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ ചൂട് കനപ്പിക്കുകയും മഴ തീർത്തും മാറിനിൽക്കുകയും ചെയ്തതോടെ വീടിന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ് ജനം. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം മാർച്ച് ഒന്ന് മുതൽ ഇന്നലെ വരെ 51.6 മില്ലീമീറ്റർ മഴ പെയ്യണം. എന്നാൽ ലഭിച്ചതാവട്ടെ 3.1 മില്ലീമീറ്റർ മാത്രം. മഴയിൽ 94 ശതമാനത്തിന്റെ കുറവ്. ഇക്കാലയളവിൽ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് മലപ്പുറത്തും കണ്ണൂരിലുമാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിൽ പേരിന് പോലും മഴ ലഭിച്ചിട്ടില്ല. ഏപ്രിൽ ആറ് മുതൽ 12 വരെ 20.5 മില്ലീമീറ്റർ മഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. എന്നാൽ മഴ ഒട്ടും ലഭിച്ചില്ല. മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളിൽ ഒഴികെ മറ്റിടങ്ങളിൽ ചെറിയ തോതിലെങ്കിലും മഴ ലഭിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് 15, 16 തീയതികളിൽ ജില്ലയിൽ മഴയ്ക്ക് സാദ്ധ്യത കൽപ്പിക്കുന്നുണ്ട്.
വേനൽമഴ ലഭിക്കാത്തതും അറബിക്കടലിലെ അതിമർദ്ദം മൂലം അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ കുറവും മൂലം ചൂട് കൂടുതലായി അനുഭവപ്പെടുന്നുണ്ട്. ഇന്നലെ കരിപ്പൂരിലെ കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ താപമാപിനിയിൽ 34.7 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പാലേമാട് വിവേകാനന്ദ കാമ്പസിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് വെതർസ്‌റ്റേഷനിൽ 40 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയിരുന്നു. വേനൽ മഴ ലഭിക്കുന്നത് വൈകിയാൽ ജില്ലയിൽ കുടിവെള്ള ക്ഷമം രൂക്ഷമാവും. പുഴകളിലെ ജലസംഭരണികളിൽ നിലവിൽ ആവശ്യത്തിന് വെള്ളമുണ്ടെന്നും വേനൽ മഴ ലഭിച്ചില്ലെങ്കിൽ മേയിൽ ജല വിതരണം പ്രതിസന്ധിയിലാവാൻ സാദ്ധ്യതയുണ്ടെന്ന് ജലവിഭവ വകുപ്പ് അധികൃതർ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ടാങ്കർ കുടിവള്ള വിതരണം കൂടുതൽ കാര്യക്ഷമാക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |