മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയിൽ തുടരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലുള്ള രോഗിക്ക് മോണോക്ലോണൽ ആന്റിബോഡി നൽകിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
49പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 45പേർ ഹൈ റിസ്‌ക് കോൺടാക്‌ടിലുള്ളവരാണെന്നും മന്ത്രി പറഞ്ഞു. 12പേർ കുടുംബാംഗങ്ങളാണ്. ഇതിൽ ആകെ ആറുപേർക്കാണ് രോഗലക്ഷണമുള്ളത്. ഇതിൽ അഞ്ചുപേർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഒരാൾ എറണാകുളത്ത് ഐസൊലേഷനിൽ കഴിയുകയാണ്. രോഗലക്ഷണങ്ങൾ ഉള്ളവരുടെ സാമ്പിൾ ശേഖരിച്ചതായും മന്ത്രി പറഞ്ഞു.
പ്രതിരോധപ്രവർത്തനത്തിനായി 25 കമ്മിറ്റികൾ രൂപീകരിച്ചു. സമീപ ജില്ലകളിലും പരിശോധന നടത്തും. ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും രോഗം സ്ഥിരീകരിച്ച വീടിനടുത്ത് ചത്ത പൂച്ചയുടെ സ്രവ സാമ്പിൾ പരിശോധനയ്‌ക്കയച്ചെന്നും മന്ത്രി പറഞ്ഞു. രോഗിയുടെ റൂട്ട്‌മാപ്പും പുറത്തുവിട്ടു.
ഇന്നലെയാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലം വന്നത്. നാല് ദിവസത്തിലേറെയായി പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിപ ലക്ഷണങ്ങൾ കണ്ടതോടെയാണ് സ്രവം പരിശോധിച്ചത്. രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഈ വർഷത്തിൽ ഇതാദ്യമായിട്ടാണ് കേരളത്തിൽ നിപ സ്ഥിരീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |