തേഞ്ഞിപ്പലം : കേരളീയ സമൂഹത്തിലും അംബേദ്കർ ദർശനങ്ങളുടെ പുനർവായന അനിവാര്യമാണെന്ന് യു.ജി.സി. മുൻ ചെയർമാൻ ഡോ. സുഖ്‌ദേവ് തൊറാട്ട്. കാലിക്കറ്റ് സർവകലാശാലയിലെ ഡോ. ബി.ആർ. അംബേദ്കർ ചെയർ അംബേദ്കർ ജയന്തിയുടെ ഭാഗമായി നടത്തിയ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വർത്തമാന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഡോ. അംബേദ്കറുടെ വീക്ഷണങ്ങൾ ഏറെ പ്രസക്തമാണ്. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തോട് ചേർന്ന് നിന്ന അംബേദ്കർ വൈദേശിക കോളനിവാഴ്ചക്കെതിരെയും ദേശീയമായ ജാതി കോളനീയതകൾക്കെതിരെയും ഒരേ സമയം പോരാടി. അവഗണിക്കപ്പെട്ട സാമൂഹികവിഭാഗങ്ങൾക്ക് രാഷ്ട്രീയ സാമൂഹിക ക്രമങ്ങളിൽ തുല്യത ഉറപ്പാക്കിയാലേ ജനാധിപത്യം പൂർണ്ണമാവൂ എന്നതായിരുന്നു അംബേദ്കറുടെ പക്ഷമെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശ് കുർണൂൽ ഡി.വി.ആർ ഗവ. കോളേജിന്റെ സഹകരണത്തോടെ നടത്തിയ പരിപാടി കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ആന്ധ്രാപ്രദേശ് ക്ലസ്റ്റർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഡി.വി.ആർ. സായി ഗോപാൽ പ്രത്യേക പ്രഭാഷണം നടത്തി. അംബേദ്കർ ചെയർ കോഓർഡിനേറ്റർ ഡോ. സാബു തോമസ്, കുർണൂൽ കെ.വി.ആർ. ഗവ. കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ. എം.സി. സാഹിത്യ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |