മലപ്പുറം: പി.വി.അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം എസ്.പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂരിന്റെ നേതൃത്വത്തിൽ നടന്ന മാർച്ച് ഓഫീസിന് മുന്നിൽ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. ഇതിനിടെ ചിലർ ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം വിളിക്കുകയും പൊലീസിന് നേരെ വടികളും ചെരിപ്പുകളും കൊടികളും എറിയുകയും ചെയ്തു. ഇതോടെ പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ ബാരിക്കേഡ് മറികടന്ന പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമം പ്രവർത്തകർ തടഞ്ഞു. പാലക്കാട്-കോഴിക്കോട് ഹൈവേ ഉപരോധിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയ് ഉൾപ്പെടെയുള്ള 30ഓളം പേരെ ബലം പ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് വിട്ടയച്ചു.
വി.എസ്.ജോയ് മാർച്ച് ഉദ്ഘാടനം ചെയ്തു. 200ലധികം പേരാണ് മാർച്ചിൽ പങ്കെടുത്തത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹമാണ് പ്രദേശത്ത് വിന്യസിച്ചിരുന്നത്.
ആരോപണങ്ങളിൽ നിന്ന് പി.വി.അൻവർ എം.എൽ.എ പിന്മാറിയാലും യൂത്ത് കോൺഗ്രസ് പ്രക്ഷോഭം ശക്തമാക്കും.
വി.എസ്. ജോയ്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |