മലപ്പുറം: ക്രിസ്മസ്-പുതുവർഷം പ്രമാണിച്ച് വ്യാജമദ്യവും ലഹരി മരുന്നുകളും കൂടുതലായി എത്താൻ സാദ്ധ്യതയുള്ളതിനാൽ എക്‌സൈസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സ്‌പെഷ്യൽ ഡ്രൈവിൽ അറസ്റ്റിലായത് 110 പേർ. ഇതുവരെ 581 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഡിസംബർ ഒമ്പത് മുതൽ ആരംഭിച്ച പരിശോധന നാലിന് അവസാനിക്കും. പൊലീസ്, വനം വകുപ്പ്, ആർ.ടി.ഒ, റെയിൽവേ, കോസ്റ്റൽ പൊലീസ്, വനം വകുപ്പ് തുടങ്ങിയവരുമായി സഹകരിച്ച് 57 ഇടങ്ങളിൽ പരിശോധന നടത്തി. 8,015 വാഹനങ്ങളിലും പരിശോധന നടത്തി.
66 അബ്കാരി കേസുകളിലായി 61 പേരുടെയും എൻ.ഡി.പി.എസ് കേസുകളിൽ 48 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. എൻ.ഡി.പി.എസ് കേസുകളിൽ പിടിയിലായവരിൽ നിന്നും തൊണ്ടിമുതലായി 57,000 രൂപയും പിടിച്ചെടുത്തു. 233 കോട്ട്പ ( സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ട് ആക്ട്) കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രതികളിൽ നിന്ന് ആകെ 46,600 രൂപ പിഴ ഈടാക്കി. 301 തവണ കള്ള് ഷാപ്പുകളിൽ നടത്തിയ പരിശോധനയിൽ 126 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തൊഴിലാളി ക്യാമ്പുകളിൽ 69 തവണയാണ് പരിശോധന നടത്തിയത്. 122 തവണ നഗർ പരിശോധനയും നടത്തി. സ്‌കൂൾ പരിസരങ്ങളിൽ 128, റെയിൽവേ സ്റ്റേഷനുകളിൽ 61, ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് 186 തവണയും പരിശോധന നടത്തി.
എക്‌സൈസ് ഇൻസ്‌പെക്ടർ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ സ്‌ട്രൈക്കിംഗ് ഫോഴ്സ്, ആന്റിനർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ്, ഹൈവേ പട്രോളിംഗ്, ജില്ലാ ഇന്റലിജൻസ് വിഭാഗം, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ യൂണിറ്റ് എന്നിവരാണ് പരിശോധന നടത്തുന്നത്. പൊലീസ്, ആർ.ടി.ഒ, റെയിൽവേ, കോസ്റ്റൽ പൊലീസ് എന്നിവരുമായി സഹകരിച്ചുള്ള പരിശോധനകളും സജീവമാണ്. കിഴക്കൻ മേഖല, പടിഞ്ഞാറൻ മേഖല, തീരദേശ മേഖല എന്നിങ്ങനെ തരംതിരിച്ച് മൂന്ന് ടീമുകളായി തിരിഞ്ഞ് സ്‌ട്രൈക്കിംഗ് ഫോഴ്സ് ശക്തമായ പരിശോധന നടത്തുന്നുണ്ട്.
പിടിച്ചെടുത്തവ
ചാരായം -3.500 ലിറ്റർ
ഇന്ത്യൻ നിർമ്മിത വിദേശ മദ്യം-260.300 ലിറ്റർ
വാഷ് - 180 ലിറ്റർ
കഞ്ചാവ്- 5.450 കിലോ
കഞ്ചാവ് ചെടി - 1
മെത്താഫെറ്റാമിൻ - 323.204 ഗ്രാംബ്രൗൺ ഷുഗർ - 40 മില്ലീ ഗ്രാം
പരാതി പറയാം
ജില്ലയിലെ പൊതുജനങ്ങൾക്ക് പരാതി പറയുന്നതിന് ഡിവിഷണൽ ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തിക്കും. 0483 2734886 എന്ന നമ്പറിൽ വിളിച്ച് പരാതി പറയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |