മലപ്പുറം: കഴിഞ്ഞ വർഷത്തെ ഓഡിറ്റ് നടപടികൾ ഈ മാസം നടത്താനുള്ള ഓഡിറ്റ് വിഭാഗത്തിന്റെ തീരുമാനം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾ വീണ്ടും ഇഴയാൻ കാരണമാവും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും കനത്ത മഴയും മൂലം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ വികസന പ്രവൃത്തികളുടെ പൂർത്തീകരണത്തിന്റെ കാര്യത്തിൽ തീർത്തും പിന്നിലാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പദ്ധതികൾക്ക് വേഗം കൂട്ടാനുള്ള തദ്ദേശ ഭരണ സമിതികളുടെ ശ്രമങ്ങൾക്ക് പിന്നാലെയാണ് ഓഡിറ്റ് നടപടികൾ കൂടി വന്നത്. ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധന പത്ത് ദിവസത്തിലേറെ നീളും. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലേക്ക് ഓഡിറ്റ് നടപടികൾ നീട്ടിവയ്ക്കണമെന്ന തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ല.
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക കൂടി തയ്യാറാക്കുന്നതിനൊപ്പം പദ്ധതി പ്രവൃത്തികളുടെ ഫയലുകളിലും ജീവനക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഓഡിറ്റ് നടപടികൾ കൂടി വരുന്നതോടെ പദ്ധതി പ്രവൃത്തികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർണ്ണമായും മാറ്റിവയ്‌ക്കേണ്ടി വരും. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഈ മാസം 30ന് പ്രസിദ്ധീകരിക്കേണ്ടതിനാൽ രണ്ടാം ശനി, ഞായർ അവധി ദിവസങ്ങൾ ഉൾപ്പെടെ തദ്ദേശസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചിട്ടുണ്ട്. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും രണ്ടായിരത്തിനും നാലായിരത്തിനും ഇടയിൽ പുതിയ വോട്ടർമാരുടെ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇവരുടെ രേഖകൾ പരിശോധിച്ച് ഉറപ്പാക്കേണ്ട ഭാരിച്ച ചുമതലയാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് കുറ്റമറ്റ പട്ടിക തയ്യാറാക്കുന്നതിൽ കൂടുതൽ ജാഗ്രതയിലാണ് ജീവനക്കാർ.
ഇഴഞ്ഞ് വികസനം
സാമ്പത്തിക വർഷം നാല് മാസം പിന്നിട്ടിട്ടും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതുവരെ 9.85 ശതമാനം തുക മാത്രമാണ് വിനിയോഗിക്കാനായത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 20 ശതമാനം പിന്നിട്ടിരുന്നു.
2025 - 26 സാമ്പത്തിക വർഷത്തെ പദ്ധതി പ്രവൃത്തികൾക്കായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ 925.11 കോടി രൂപയാണ് ബഡ്ജറ്റിൽ നീക്കിവച്ചിട്ടുള്ളത്. ഇതുവരെ 91.93 കോടി രൂപയാണ് ചെലവഴിച്ചത്.
പദ്ധതി തുക ചെലവഴിക്കലിൽ സംസ്ഥാനത്ത് മലപ്പുറം അഞ്ചാം സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |