മലപ്പുറം: ഓണത്തിന് പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളിച്ച് 50,000ത്തിലേറെ ഗിഫ്റ്റ് ഹാംപറുകളുമായി ഒരുങ്ങുകയാണ് കുടുംബശ്രീ. രണ്ടുതരം ഹാംപറുകളാണ് കുടുംബശ്രീ ഒരുക്കുന്നത്. 'പോക്കറ്റ് മാർട്ട് കുടുംബശ്രീ സ്റ്റോർ ആപ്പ്'വഴി 5,000 ഗിഫ്റ്റ് ഹാംപറുകൾ ഓൺലൈനായി വിപണിയിലെത്തും. കൂടാതെ, സി.ഡി.എസുകൾ വഴി ഓർഡറുകൾ സ്വീകരിച്ച് 50,000 ഗിഫ്റ്റ് ഹാംപറുകൾ നേരിട്ടും വിൽക്കും. ഓണം കുടുംബശ്രീക്കൊപ്പം എന്ന ടാഗ് ലൈനോടെയാണ് ഇവ വിപണിയിലെത്തുക. 111 സി.ഡി.എസുകളിലും രണ്ട് മേളകൾ വീതമാണ് സംഘടിപ്പിക്കുക.
കുടുംബശ്രീ സംസ്ഥാനതലത്തിൽ ബ്രാൻഡ് ചെയ്ത ഒമ്പത് ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിയാണ് പോക്കറ്റ് മാർട്ട് വഴിയുള്ള ഗിഫ്റ്റ് ഹാംപറുകൾ തയ്യാറാക്കുന്നത്. കുടുംബശ്രീയുടെ ബ്രാൻഡഡ് ചിപ്സ് (250 ഗ്രാം), ശർക്കര വരട്ടി ( 250 ഗ്രാം), പായസം മിക്സ് (250 ഗ്രാം), സാമ്പാർ മസാല (100 ഗ്രാം), മുളക്‌പൊടി (250 ഗ്രാം), മല്ലിപ്പൊടി (250 ഗ്രാം), മഞ്ഞൾപ്പൊടി (100 ഗ്രാം), വെജിറ്റബിൾ മസാല എന്നിവയാണ് ഗിഫ്റ്റ് പാക്കറ്റിൽ ഉണ്ടാവുക. 799 രൂപയാണ് വില. ഈ മാസാവസാനത്തോട് കൂടി പോക്കറ്റ്മാർട്ട് ആപ്പ് ഓൺലൈൻ വിപണനത്തിന് പൂർണ്ണ സജ്ജമാകും.
സി.ഡി.എസുകൾ വഴി തയ്യാറാക്കുന്ന ഹാംപറുകളിൽ സംസ്ഥാന തലത്തിൽ ബ്രാൻഡ് ചെയ്ത ഉൽപ്പന്നങ്ങളോടൊപ്പം തദ്ദേശീയമായി തയ്യാറാക്കുന്ന ഉൽപ്പന്നങ്ങൾ കൂടി ഉൾപ്പെടുത്തും. ജില്ലയിലെ ബ്രാൻഡഡ് കറിപൗഡർ കൺസോർഷ്യം, ചിപ്സ് കൺസോർഷ്യത്തിൽ നിന്നുള്ള ബ്രാൻഡഡ് ഉല്പന്നങ്ങൾ എന്നിവ സി.ഡി.എസ് തലത്തിൽ ലഭിക്കുന്ന കിറ്റുകളിൽ ലഭ്യമാവും. ഉൽപ്പന്നങ്ങളുടെ മൂല്യം അനുസരിച്ചാണ് വില നിർണയിക്കുക.
ഓർഡർ ചെയ്യാം
ഗൂഗിൽ പ്ലേസ്റ്റേറിലൂടെ ആപ്പ് ഡൗൺലോഡ് ചെയ്ത് ആവശ്യമുള്ളവ ഓർഡർ ചെയ്യാൻ സാധിക്കും. ഓപ്പൺ ടു കാർഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ പണമടയ്ക്കുകയും ചെയ്യാം.
കുടുംബശ്രീ സംരംഭകർക്ക് ഓണ വിപണിയിൽ നിന്ന് അധിക വരുമാനം നേടാൻ കഴിയുന്ന രീതിയിലാണ് ഗിഫ്റ്റ് ഹാംപറുകൾ വിപണിയിൽ എത്തിക്കുന്നത്. ഗുണമേന്മ ഉറപ്പാക്കുന്നതിനായി എഫ്.എസ്.എസ്.ഐ.എ അനുബന്ധ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ സംരംഭകരുടെ ഉൽപ്പന്നങ്ങളാണ് ഹാംപറിൽ ഉൾപ്പെടുത്തുക.
കുടുംബശ്രീ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |