തിരൂരങ്ങാടി: ദൂരദിക്കിൽ നിന്നെത്തുന്ന ചരക്ക് ലോറികൾ പുതിയ ആറു വരിപ്പാത വന്നതോടെ റോഡ് സൈഡിൽ നിറുത്തിയിട്ട് ജീവനക്കാർ കിടന്നുറങ്ങുന്നത് അപകടങ്ങൾക്കിടയാക്കുന്നു. വെള്ളിയാഴ്ച രാത്രി തലപ്പാറ വലിയപറമ്പിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടുപേർ മരിച്ചതാണ് ഇത്തരത്തിലുണ്ടായ അവസാന അപകടം.
പുതിയ ആറുവരിപ്പാതയുടെ സൈഡിൽ ചരക്കുലോറികൾ അനധികൃതമായി നിറുത്തിയിടുന്നത് പതിവുകാഴ്ചയാണ്. ഇവയുടെ അലക്ഷ്യമായ ഓട്ടവും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ദേശീയപാതയുടെ അടച്ചിട്ട കൂരിയാട് ഭാഗത്ത്, രാത്രി മൂന്ന് തവണ ചരക്കുലോറികൾ സിമന്റ് ബാരിക്കേഡുകളിൽ ഇടിച്ച് അപകടമുണ്ടായി.
ഇതര സംസ്ഥാന വാഹനങ്ങളാണ് അപകടത്തിൽ പെടുന്നവയിൽ കൂടുതലും. ഡ്രൈവർമാർ ലഹരി ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എൻ എച്ച് 66 ൽ രാമനാട്ടുകര മുതൽ വളാഞ്ചേരി വരെയുള്ള ഭാഗത്ത് ദിനം പ്രതി അപകടങ്ങൾ വർദ്ധിക്കുന്നുണ്ട്..
ഹൈവേയിൽ ലോറിക്കാർക്ക് വിശ്രമിക്കാനും പാർക്ക് ചെയ്യാനും ഉചിതമായ സൗകര്യങ്ങൾ ഒരുക്കണമെന്നും അനധികൃതമായി പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. പുതിയ ആറുവരി പാത വന്നതിനു ശേഷം കഴിഞ്ഞ കുറച്ചു മാസങ്ങളിലായി അപകടങ്ങളും മരണങ്ങളും കൂടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |