മലപ്പുറം : കൊണ്ടോട്ടി ടൗണിൽ ഓട്ടോറിക്ഷകൾക്കായി പുതിയ ഹാൾട്ടിംഗ് കേന്ദ്രങ്ങൾ കണ്ടെത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കൊണ്ടോട്ടി നഗരസഭാ അധികൃതരും ആർ.ടി.ഒയും സംയുക്തമായി നടപടികൾ സ്വീകരിച്ച് പുതിയ ഓട്ടോ പെർമിറ്റ് അനുവദിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ മലപ്പുറം റീജണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് സമർപ്പിക്കണമെന്ന് കമ്മിഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ മൂന്നുമാസത്തിനകം കമ്മിഷനെ അറിയിക്കണം. പുതിയ ഹാൾട്ടിംഗ് കേന്ദ്രങ്ങൾ കണ്ടെത്തിയാലേ പെർമിറ്റ് നൽകൂ.
എസ്.സി വിഭാഗക്കാർക്ക് വായ്പ അനുവദിക്കുന്ന പദ്ധതിപ്രകാരം ഓട്ടോറിക്ഷ ലഭിച്ച കൊണ്ടോട്ടി സ്വദേശി വാസുദേവൻ ചുണ്ടക്കാടൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
കൊണ്ടോട്ടി നഗരസഭയിൽ 2004 ഏപ്രിൽ ഒന്നിന് ശേഷം ഓട്ടോറിക്ഷ പെർമിറ്റ് അനുവദിക്കുന്നത് തടഞ്ഞിരിക്കുകയാണെന്ന് കൊണ്ടോട്ടി ജോയിന്റ് ആർ.ടി.ഒ. കമ്മിഷനെ അറിയിച്ചു. നഗരത്തിലെ തിരക്ക് കാരണമാണിത്. എന്നാൽ പരാതിക്കാരന് കൊണ്ടോട്ടി നഗരസഭയിലും മലപ്പുറം ജില്ലയിലും വാഹനം ഓടിക്കുന്നതിന് അനുമതിയുണ്ടെന്നും കൊണ്ടോട്ടി ഒഴികെ മറ്റെവിടെയെങ്കിലും ഹാൾട്ടിംഗ് പെർമിറ്റ് ചോദിച്ചാൽ നൽകാമെന്നും റിപ്പോർട്ടിലുണ്ട്.
പുതിയ ഹാൾട്ടിംഗ് കേന്ദ്രങ്ങൾ കണ്ടെത്തി പരാതിക്കാരൻ ഉൾപ്പെടെയുള്ള അപേക്ഷകർക്ക് പുതിയ പെർമിറ്റ് അനുവദിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |