SignIn
Kerala Kaumudi Online
Thursday, 25 April 2024 7.26 PM IST

ബഡ്ജറ്റിൽ ജില്ലയ്ക്ക് നിരാശ

budjet

പാലക്കാട്: സംസ്ഥാന ബഡ്ജറ്റിൽ ജില്ലയ്ക്ക് എടുത്തുപറയാവുന്ന നേട്ടങ്ങളൊന്നുമില്ല. അട്ടപ്പാടിയിലെ ആരോഗ്യ-അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചെങ്കിലും നിരാശയാണ് ഫലം. കഞ്ചിക്കോട് വ്യവസായ മേഖലയ്ക്കും പ്രത്യേകമായൊന്നും ഉൾപ്പെടുത്തിയില്ല. ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ഒരു നിർദേശവും പരിഹാരമാർഗവും ഇല്ലാതെയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.

നെൽകർഷകർ ഉന്നയിച്ച ആവശ്യങ്ങൾ പാടെ അവഗണിച്ചു. കാർഷിക കടം എഴുതിത്തള്ളുക,​ നെല്ലിന്റെ താങ്ങുവില ഉയർത്തുക,​ സംഭരണ തുക യഥാസമയം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളുണ്ടായിരുന്നെങ്കിലും പരിഗണിച്ചില്ല. നാളികേരത്തിന്റെ താങ്ങുവില 34 രൂപയാക്കി ഉയർത്തിയത് മാത്രമാണ് ഏക ആശ്വാസം. വന്യമൃഗ ശല്യം രൂക്ഷമായ ജില്ലയിൽ പ്രതിസന്ധി പരിഹരിക്കാൻ പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ലെന്നത് തിരിച്ചടിയായി. മനുഷ്യ- വന്യമൃഗ സംഘട്ടനങ്ങൾ പരിഹരിക്കാൻ സംസ്ഥാനത്ത് ആകെ 50.87 കോടിയാണ് നീക്കിവച്ചിട്ടുള്ളത്. വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ 30 കോടി ഉൾപ്പെടെയാണ് ഈ തുക.

ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കായി സംസ്ഥാനത്താകെ നീക്കിവച്ച 9.50 കോടിയുടെ ഒരു വിഹിതം പാലക്കാടിനും ലഭിക്കും. എന്നാൽ, പാലക്കാട്ടെ ഗ്രാമീണ ഭംഗി ആസ്വദിക്കാൻ വിദേശികളെ ആകർഷിക്കുന്ന പുതിയ ടൂറിസം പദ്ധതികൾ പ്രതീക്ഷിച്ചെങ്കിലും നിരാശയാണ് ഫലം. കാരവൻ ടൂറിസത്തിനും കൂടുതൽ തുക വകയിരുത്തിയില്ല. പാലക്കാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ പല പദ്ധതികൾക്കും 100 രൂപ ടോക്കണാണ് അനുവദിച്ചിട്ടുള്ളത്.

ഇൻഡസ്ട്രിയൽ കോറിഡോറിന് 200 കോടി

ചെന്നൈ- ബാംഗ്ലൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായി കൊച്ചി- പാലക്കാട് ഹൈടെക് ഇൻഡസ്ട്രിയൽ കോറിഡോറിനായുള്ള സംസ്ഥാനത്തിന്റെ പദ്ധതി ദേശീയ വ്യവസായ ഇടനാഴി വികസന നിർവഹണ ട്രസ്റ്റ് അംഗീകരിച്ചിട്ടുണ്ട്. ജില്ലയിൽ പദ്ധതിയുടെ ഒന്നാംഘട്ടമായി 10,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും ഇതുവഴി അഞ്ചു വർഷത്തിനുള്ളിൽ 22,000 പേർക്ക് നേരിട്ടും 80,000 പേർക്ക് പരോക്ഷമായും തൊഴിൽ നൽകാനാകുമെന്നാണ് പ്രതീക്ഷ.
പദ്ധതി നടത്തിപ്പിനായി കെ.എസ്.ഐ.ഡി.സിയും കിൻഫ്രയും ഉൾപ്പെടുന്ന ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കും. പദ്ധതിക്കായി ഏകദേശം 2000 ഏക്കർ സ്ഥലം കിൻഫ്ര കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 1000 ഏക്കർ പ്ലാൻ ഫണ്ട് ഉപയോഗിച്ചും ബാക്കി 1000 ഏക്കർ കിഫ്ബി ഫണ്ട് ഉപയോഗിച്ചും ഏറ്റെടുക്കും. പദ്ധതിക്കായി ഈ വർഷം 200 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

മറ്റു പ്രധാന പദ്ധതികൾ

1. ജില്ലാ ആശുപത്രിയിൽ അർബുദ ചികിത്സയ്ക്കുള്ള കേന്ദ്രം സ്ഥാപിക്കും. ഇതിനായി 2.50 കോടി വകയിരുത്തി.

2. ഗോത്ര, തീരദേശ, വിദൂര മേഖലകളിലെ ആരോഗ്യരംഗത്തെ സൗകര്യം വർദ്ധിപ്പിക്കാൻ 15 കോടി. ഇതിന്റെ ഗുണം അട്ടപ്പാടിക്കും ലഭിക്കും.

3. അരിവാൾ രോഗബാധിതർക്ക് ധനസാഹയം നൽകാൻ പദ്ധതി. ഇതിനായി 2.50 കോടി നീക്കിവച്ചു. അട്ടപ്പാടിയിൽ 198 പേർക്ക് അരിവാൾ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്കും പദ്ധതിയുടെ ഗുണം ലഭിക്കും.

4. പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ധനസഹായമായി 129.61 കോടിയാണ് വകയിരുത്തിയത്. ഇതിൽ പാലക്കാട് മെഡിക്കൽ കോളേജിലെ നിർമ്മാണ പ്രവൃത്തികൾക്കുള്ള 70 കോടിയും ഉൾപ്പെടും.

5. പാലക്കാട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ റൈസ് ടെക്‌നോളജി പാർക്കുകൾ സ്ഥാപിക്കാൻ പത്തുകോടി.

6. എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഇതിന് 7.98 കോടി വകയിരുത്തി.

7. സംസ്ഥാനത്താകെയുള്ള കിൻഫ്ര പാർക്കുകൾക്കായി 335.50 കോടി അനുവദിച്ചതിൽ പാലക്കാടിനും ഒരു വിഹിതം ലഭിക്കും.

8. ഷോളയാർ ജലവൈദ്യുത പദ്ധതി പുനരുദ്ധാരണത്തിനും നവീകരണത്തിനും 12 കോടി.

9. ചിറ്റൂർ പുഴ, കാഞ്ഞിരപ്പുഴ പദ്ധതി കനാൽ നവീകരണത്തിന് 22 കോടി.

10. മംഗലം, മലമ്പുഴ, പോത്തുണ്ടി, ചിറ്റൂർ പുഴ ചേരാമംഗലം പദ്ധതികളുടെ ഫീൽഡ് ചാനലുകളുടെയും ഡ്രെയിനുകളുടെയും കാഡ കനാലുകളുടെയും നവീകരണത്തിന് എട്ടുകോടി.


11. ഭവാനി നദീതടത്തിൽ ചെറുകിട ജലസേചന പദ്ധതി നിർമ്മിക്കുന്നതിനും അട്ടപ്പാടിയിൽ ചെക് ഡാമുകൾ നിർമ്മിക്കുന്നതിനും 1.80 കോടി.

12. 16 വന്യജീവി സംരക്ഷണ കേന്ദ്ര പരിപാലനത്തിന് 4.76 കോടി. ഇതിന്റെ ഒരു പങ്ക് പാലക്കാടിനും ലഭിക്കും.


13. പെരിയാർ, പറമ്പിക്കുളം കടുവാ സങ്കേതങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായുള്ള പ്രോജക്ട് ടൈഗർ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 6.70 കോടി വകയിരുത്തി.

14. തൃത്താല മണ്ഡലത്തിൽ നീർത്തട വികസനത്തിന് രണ്ടുകോടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.