ഷൊർണൂർ: സമഗ്ര കുടിവെള്ള പദ്ധതിയും വിതരണ ശൃംഖല സ്ഥാപിക്കലുമെല്ലാം നടത്തിയെങ്കിലും കുടിവെള്ള പൈപ്പ് പൊട്ടുന്നത് തലവേദനയായ ജല അതോറിറ്റി പ്രശ്‌നം പരിഹാരിക്കാൻ 90 കോടി രൂപയുടെ പദ്ധതി തയ്യാറാക്കുന്നു. ഇപ്പോഴും നഗരസഭയുടെ പലപ്രദേശങ്ങളിലേക്കും വേനലിൽ വെള്ളമെത്തുന്നില്ല. മാത്രമല്ല പൈപ്പുപൊട്ടി വെള്ളം പാഴാവുന്നതും ദിനംപ്രതി വർദ്ധിക്കുകയാണ്.
പ്രശ്നം പരിഹരിക്കണമെങ്കിൽ നഗരസഭാപരിധിയിൽ സ്ഥാപിച്ചിരിക്കുന്ന വിതരണശൃംഖലയുടെ പൈപ്പുകൾ മാറ്റണമെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. ഇതിനായി 90 കോടിരൂപയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ഇതിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 19.5 കോടി രൂപയുടെ പൈപ്പ് ലൈൻ മാറ്റൽ പ്രവൃത്തി നടത്തിയിരുന്നു. അമൃത് പദ്ധതിയിലുൾപ്പെടുത്തി 11.5 കോടിരൂപയുടെ പദ്ധതിയും പരിഗണനയിലുണ്ട്. ഈ പദ്ധതി പൂർത്തിയാക്കിയാൽപോലും കുടിവെള്ളവിതരണത്തിലെ പ്രശ്നത്തിന് പരിഹാരമാകില്ലെന്നാണ് ജല അതോറിറ്റി അധികൃതരുടെ വിലയിരുത്തൽ. അരനൂറ്റാണ്ടോളം പഴക്കമുള്ള പൈപ്പുകളിലൂടെയാണിപ്പോഴും അതിശക്തമായി വെള്ളം ഒഴുക്കിവിടുന്നത്. വീടുകളുടെയും ഉപഭോക്താക്കളുടെയും എണ്ണം വർധിച്ചതോടെ കൂടുതൽ വെള്ളം ഉപയോഗിക്കുന്നുണ്ട്. പൈപ്പുകൾക്ക് വെള്ളത്തിന്റെ മർദം താങ്ങാനാവാതെ പൊട്ടുകയാണെന്ന് അധികൃതർ പറഞ്ഞു. പൈപ്പ് പൊട്ടിയാൽ ഉടൻ നന്നാക്കാനാവുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയുൾപ്പെടെ ആവശ്യമായതിനാൽ പലപ്പോഴും ആഴ്ചകളോളം കഴിഞ്ഞാണ് പരിഹരിക്കാൻ സാധിക്കുക. ഇത് വലിയ പ്രതിഷേധത്തിനിടയാക്കുകയാണെന്ന് ജല അതോറിറ്റി അധികൃതർ പറയുന്നു. 90 കോടിരൂപയുടെ പൈപ്പ് ലൈൻ മാറ്റൽ പദ്ധതി നടപ്പായാൽ ഷൊർണൂരിലെ കുടിവെള്ളവിതരണത്തിലെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. നിലവിൽ ഉയർന്ന പ്രദേശങ്ങളിലേക്ക് ടാങ്കറിൽ വെള്ളമെത്തിക്കേണ്ട അവസ്ഥയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |