മണ്ണാർക്കാട്: വളളുവനാട്ടിലെ ഉത്സവങ്ങൾക്ക് സമാപനം കുറിക്കുന്ന പെരിമ്പടാരി പോർക്കൊരിക്കൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി നാളെ ആഘോഷിക്കും. 13 ദേശവേലകളിലായി പേരെടുത്ത ഗജവീരന്മാരും വാദ്യമേളങ്ങളും അണിനിരക്കും. രാവിലെ വിശേഷാൽ പൂജകളും എട്ടുമുതൽ ആഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുമാടം മൈതാനത്ത് കഞ്ഞിപ്പാർച്ചയും നടക്കും.
താലപ്പൊലിയോടനുബന്ധിച്ച് നടന്നുവന്ന കലാപരിപാടികൾ ഇന്നലത്തോടെ സമാപിച്ചു. ശനിയാഴ്ച പത്തനംതിട്ട സാരംഗിന്റെ ഗാനമേളയും ഞായറാഴ്ച കൊല്ലം ആവിഷ്കാരയുടെ 'ദൈവംതൊട്ട ജീവിതം" നാടകവുമുണ്ടായിരുന്നു. ഇന്ന് ഘോഷം പാട്ട് ആഘോഷിക്കും. പ്രത്യേക പൂജകളും വഴിപാടുകളുമുണ്ടാകും. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രമുറ്റത്ത് തിരുവാതിരക്കളിയും മണ്ണാർക്കാട് മോഹൻദാസ്, ഹരിദാസ് എന്നിവരുടെ ഇരട്ടത്തായമ്പകയും അരങ്ങേറും.
ഭക്തിസാന്ദ്രം പൂമൂടൽ
താലപ്പൊലിയുടെ ഭാഗമായി ക്ഷേത്രത്തിലെ പൂമൂടൽ ചടങ്ങ് ഇന്നലെ നടന്നു. തന്ത്രി അഴകത്ത് ശാസ്ത്രശർമ്മൻ നമ്പൂതിരി, മേൽശാന്തി അനീഷ് ശർമ്മ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. നൂറുകണക്കിന് ഭക്തർ സന്നിഹിതരായി. എല്ലാ ഭക്തർക്കും ആവശ്യമായ പൂക്കൾ ക്ഷേത്രം ഭാരവാഹികൾ ഒരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |