മൂന്നു പതിറ്റാണ്ടായി കർഷകർ തടയണ സംരക്ഷിക്കുന്നു
വടക്കഞ്ചേരി: കൊടും വേനലിൽ ജില്ലയിൽ കുളങ്ങളും മറ്റു ജലാശയങ്ങളുമെല്ലാം വറ്റിത്തുടങ്ങിയെങ്കിലും പുത്തൻകുളമ്പിലെ തടയണയെ ഇതൊന്നും ബാധിക്കില്ല. കാരണം കണിയമംഗലത്ത് ചെറുകുന്നം പുഴയ്ക്കു കുറുകെ കർഷകരുടെ സംരക്ഷണയിലുള്ള പുത്തൻകുളമ്പ് തടയണ വറ്റാറില്ല. വേനലിലും ജലസമൃദ്ധി. മൂന്നു പതിറ്റാണ്ടായി കർഷകർ സംരക്ഷിക്കുന്ന പുത്തൻകുളമ്പ് തടയണ കേരളത്തിൽ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങൾക്ക് മാതൃകയാക്കുവുന്നതാണ്. പാഴായി പോകുമായിരുന്ന ജലം സർക്കാർ നടപടിക്ക് കാത്തുനിൽക്കാതെ കർഷർ തന്നെ സംരക്ഷിച്ച് ഉപയോഗപ്പെടുത്തുകയാണിവിടെ ചെയ്തുവരുന്നത്.ഒന്നരകിലോമീറ്റർ ദൂരവും വെള്ളം നിറഞ്ഞു നിൽക്കുന്നു. ഈ തടയണ ഉള്ളതിനാൽ പുത്തൻകുളമ്പ് മേഖലയിൽ വേനലിലും ജലസമൃദ്ധിയാണ്. പ്രദേശത്തെ കുട്ടികൾക്കു നീന്തൽ പഠിക്കാനും കുളിക്കാനും തുണികഴുകാനും മാടുകളെ കുളിപ്പിക്കാനുമെല്ലാം വെള്ളം യഥേഷ്ടം. പ്രദേശത്തെ പച്ചപ്പിനും ചന്തമേറെ. മേഖലയിൽ കുടിവെള്ളക്ഷാമവുമില്ല. മംഗലംഡാമിൽ നിന്നുള്ള ലീക്ക് വെള്ളമാണ് ഇവിടെ ഒഴുകിയെത്തുന്നത്.
22 കർഷകരുടെ അധ്വാനം
കാർഷികാവശ്യങ്ങൾക്കായാണ് പ്രദേശത്തെ 22 കർഷകർ സംഘടിച്ച് തടയണ സംരക്ഷണം നടത്തുന്നത്. പറമ്പുകളിലെ വിളകൾക്കുള്ള ജലസേചനവും തടയണവെള്ളം ഉപയോഗിച്ചാണ്. 30 വർഷത്തിലേറെയായി കർഷകരാണ് ഈ തടയണയുടെ സംരക്ഷകർ. ഓരോ വർഷവും കർഷകർ പിരിവെടുത്തു ഷട്ടറുകളുടെയും മറ്റും അറ്റകുറ്റപ്പണി നടത്തും. അഞ്ച് ഷട്ടറുകളാണ് തടയണക്കുള്ളത്. ഈ വർഷം അറ്റകുറ്റപണികൾക്ക് കൂടുതൽപണം ചെലവഴിക്കേണ്ടി വന്നതായി കർഷകരായ തട്ടാംപടവ് പുത്തൻപുരയിൽ സാജു, ബാബുരാജ് എന്നിവർ പറഞ്ഞു. തടയണ സംരക്ഷണത്തിനു മറ്റെവിടെ നിന്നും സഹായങ്ങളില്ലാത്തതിനാൽ ഓരോവർഷവും വലിയ തുക പിരിവെടുക്കണം. ജനുവരി അവസാനത്തോടെ തടയണയുടെ അറ്റകുറ്റപ്പണികൾ നടത്തി ജലസംഭരണം തുടങ്ങും. അവധി ദിവസങ്ങളിൽ കുട്ടികളുടെ നീരാട്ടാണ് തടയണയിൽ. ഇതിനാൽ നീന്തൽ അറിയാത്തവരും പ്രദേശത്തില്ല. കഷ്ടി ഒരാളുടെ ഉയരത്തിലെ വെള്ളമുണ്ടാകൂ. ഇത് നീന്തൽ പഠിക്കാനെത്തുന്നവർക്കും സൗകര്യമാണ്. തടയണയിലെ വെള്ളം കുറയുന്ന ഏപ്രിൽ മാസം മംഗലം ഡാമിൽനിന്നും പുഴയിലേക്കു വെള്ളം ഒഴുക്കിയാൽ മേഖലയിലെ കാർഷിക മേഖലയ്ക്ക് വലിയ അനുഗ്രഹമാകുമെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |