വാളയാർ: ബെംഗളൂരു മെട്രോ റെയിലിന്റെ യെല്ലോ ലൈൻ കോറിഡോറിൽ സ്റ്റെയിൻലെസ് സ്റ്റീൽ മെട്രോ കോച്ചുകൾ നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട്ടെ ബെമൽ(ബി.ഇ.എം.എൽ) പ്ലാന്റ്. കോച്ച് നിർമ്മാണത്തിനായി ബെമലിന് ലഭിച്ചത് 414 കോടി രൂപയുടെ അധിക ഓർഡറാണ്. നേരത്തെ ലഭിച്ച ഓർഡറുകൾക്കൊപ്പമാണ് പുതിയ ഓർഡർ. ഇതോടെ 66 ട്രെയിൻ സെറ്റുകളാണ് ബാംഗ്ലൂർ മെട്രോ റെയിലിനായി ബെമൽ നിർമ്മിക്കുക. പൂർണമായി സ്റ്റെയിൻലെസ് സ്റ്റീൽ നിർമ്മിതമായ ആറുകോച്ചുകളുള്ള ഈ ട്രെയിനുകളിൽ ആധുനിക എ.സിയും സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 2023ൽ ബെമലിനു ലഭിച്ച കരാറിന്റെ വിപുലീകരണമാണ് പുതിയ ഓർഡർ. ഇതിന്റെ നിർമ്മാണം കഞ്ചിക്കോട്ടെയും ബെംഗളൂരുവിലെയും പ്ലാന്റുകളിലായി ഉടൻ ആരംഭിക്കും. ബെംഗളൂരു നമ്മ മെട്രോയുടെ ഈസ്റ്റ്‌വെസ്റ്റ് കോറിഡോർ എന്നറിയപ്പെടുന്ന യെല്ലോ ലൈനിലെ മെട്രോ ട്രെയിനുകൾ ഐ.ടി കമ്പനികളിൽ ജോലി ചെയ്യുന്നവർക്കാണ് ഏറ്റവും പ്രയോജനപ്പെടുക. ഇലക്ട്രോണിക് സിറ്റി, ബൊമ്മസന്ദ്ര, എച്ച്.എസ്.ആർ ലേഔട്ട് തുടങ്ങി ഏറ്റവും കൂടുതൽ ഐ.ടി കമ്പനികളും കാമ്പസുകളുമുള്ള റൂട്ടിലൂടെയാണിത് കടന്നു പോവുന്നത്. ബൊമ്മസന്ദ്രയ്ക്കും നഗരത്തിലെ ഏറ്റവും തിരക്കേറിയ സെൻട്രൽ സിൽക്ക് ബോർഡ് ഏരിയയ്ക്കും ഇടയിലുള്ള ഗതാഗതം മെച്ചപ്പെടുത്തുന്ന യെല്ലോ ലൈനിൽ 16 സ്റ്റേഷനുകളാണ് ആകെയുള്ളത്. അത്യാധുനിക സൗകര്യങ്ങളോടെയാകും മെട്രോ റെയിൽ കോച്ചുകളുടെ നിർമ്മാണം. ഇപ്പോൾ ലഭിച്ച ഓർഡർ കമ്പനിയുടെ സാങ്കേതിക ശേഷിയിലുള്ള വിശ്വാസത്തിന്റെ തെളിവാണെന്ന് ബെമൽ അധകൃതർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |