
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ വിധിയെഴുതാൻ ജനം നാളെ പോളിംഗ് ബൂത്തിലെത്തും. പരസ്യപ്രചാരണം അവസാനിച്ചതോടെ അവസാനവട്ട കൂട്ടലും കിഴിക്കലും നടത്തുകയാണ് മുന്നണികൾ. കഴിഞ്ഞ ഒരുമാസത്തിനിടെ കാണാൻവിട്ടുപോയവരെ നേരിൽ ചെന്ന് കണ്ട് വോട്ടുറപ്പാക്കാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികൾ.
കൊട്ടിക്കലാശം പാലക്കാടൻ രാഷ്ട്രീയ കാറ്റ് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടികൾ.
ജില്ലയിലെ ഏഴ് നഗരസഭകളിലേക്കായി 783 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ എല്ലാവരും ഉറ്റുനോക്കുന്നത് പാലക്കാട് നഗരസഭയിലേക്കാണ്. കഴിഞ്ഞ രണ്ട് തവണയും ഭരണത്തിലേറിയ ബി.ജെ.പി ഇത്തവണ ഹാട്രിക് അടിക്കുമോ എന്നതാണ് അറിയേണ്ടത്. ആകെയുള്ള 52 സീറ്റുകളിൽ 28 എണ്ണവും നേടിയാണ് കഴിഞ്ഞ തവണ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷി ആയത്. വാർഡ് വിഭജനത്തിനുശേഷം ഇത്തവണ 53 വാർഡുകളാണുള്ളത്. 27സീറ്റാണ് ഭൂരിപക്ഷം വേണ്ടത്. 51 സീറ്റുകളിലേക്ക് ബി.ജെ.പിയും രണ്ട് സീറ്റുകളിൽ ബി.ഡി.ജെ.എസും മത്സരിക്കുന്നു. യു.ഡി.എഫിൽ ഒമ്പത് സീറ്റുകളിലാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥികളുള്ളത്. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയും ബാക്കി കോൺഗ്രസുമാണ്.
ബി.ജെ.പിക്കുള്ളിലെ പടലപ്പിണക്കങ്ങൾ തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമോ എന്ന് കണ്ടറിയണം. ഏത് വിധേനയും ഭരണം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് യു.ഡി.എഫ്. രണ്ടിടത്ത് പത്രിക തള്ളിയെങ്കിലും പ്രചാരണത്തിൽ എൽ.ഡി.എഫും പിന്നിലല്ല.
ജില്ലയിൽ പലയിടങ്ങളിലും വിമതനീക്കം ഇടതുമുന്നണിയുടെ വിജയസാദ്ധ്യതകൾക്ക് മങ്ങലേൽപ്പിക്കുമോ എന്ന് കണ്ടറിയണം. പി.കെ.ശശിയെ അനുകൂലിക്കുന്ന പാർട്ടിയിലെ ഒരു വിഭാഗം മത്സരരംഗത്ത് ഇറങ്ങിയതാണ് മണ്ണാർക്കാട് നഗരസഭയിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നത്. കാരാകുറുശ്ശി ഉൾപ്പെടെ വിമതർ രംഗത്തുവന്നെങ്കിലും പിന്നീട് പിൻവലിഞ്ഞു. വീ ഫോർ പട്ടാമ്പിയോടൊപ്പം ചേർന്നാണ് കഴിഞ്ഞ തവണ പട്ടാമ്പി നഗരസഭ എൽ.ഡി.എഫ് ഭരിച്ചത്. എന്നാൽ, ഇത്തവണ വീ ഫോർ പട്ടാമ്പി കോൺഗ്രസിൽ ലയിച്ചതോടെ ഭരണമാറ്റം സംഭവിച്ചേക്കാം. ആകെ 77 സ്ഥാനാർത്ഥികളാണ് പട്ടാമ്പി നഗരസഭയിലേക്ക് ജനവിധി തേടുന്നത്.
ഒറ്റപ്പാലം നഗരസഭയിൽ ജനകീയ വികസന സമിതി നാല് സീറ്റുകളിലേക്ക് മത്സരിക്കുന്നുണ്ട്. യു.ഡി.എഫ് പിന്തുണയോടെ രണ്ട് സ്വതന്ത്രരും കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഒരു സീറ്റിലേക്കും മത്സരിക്കുന്നു. കാലങ്ങളോളം യു.ഡി.എഫ് കൈയടക്കിവെച്ചിരുന്ന ചിറ്റൂർ - തത്തമംഗലം നഗരസഭ കഴിഞ്ഞതവണ എൽ.ഡി.എഫ് പിടിച്ചെടുത്തത് ചരിത്രമായിരുന്നു. ഇത്തവണ ആകെയുള്ള 30 വാർഡുകളിൽ 28 സീറ്റുകളിലാണ് എൽ.ഡി.എഫും കോൺഗ്രസും മത്സരിക്കുന്നത്. രണ്ട് സീറ്റുകളിൽ ഘടകകക്ഷികളായ ജെ.ഡി.എസും മുസ്ലിം ലീഗും മത്സരിക്കുന്നു. എൽ.ഡി.എഫിൽ 17 സീറ്റുകളിൽ സ്വതന്ത്രരാണ്. എസ്.ഡി.പി.ഐ നാലു സീറ്റുകളിൽ മത്സരരംഗത്തുണ്ട്. എൻ.ഡി.എ 25 സീറ്റുകളിലാണ് മത്സരിക്കുന്നത്. അഞ്ച് സീറ്റുകളിൽ അവർക്ക് സ്ഥാനാർഥികളില്ല. ആകെ 35 വാർഡുകളുള്ള ഷൊർണൂർ നഗരസഭയിൽ ഇക്കുറി ശക്തമായ പോരാട്ടമാണ് നടക്കുന്നത്. മിക്ക വാർഡുകളിലും ത്രികോണ മത്സരമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |