പത്തനംതിട്ട : സേഫ് സ്കൂൾ ബസ് പരിശോധനയിൽ ജില്ലയിൽ രണ്ടുദിവസത്തിനുള്ളിൽ 33 സ്കൂളുകളിൽ നിന്നായി 216 വാഹനങ്ങൾ പരിശോധിച്ചു. 16 വാഹനങ്ങൾക്ക് പിഴ ഈടാക്കിയിട്ടുണ്ട്. സ്കൂൾ ബസുകൾ നിരന്തരം അപകടത്തിൽപ്പെടുന്നത് കണക്കിലെടുത്താണ് സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പ് പരിശോധന കർശനമാക്കിയത്. 17 വരെയാണ് പരിശോധന. സുരക്ഷാ സംവിധാനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധന നടത്തി പിഴ ഈടാക്കും. കൃത്യമായി അറ്റകുറ്റപ്പണി നടത്താത്ത നിരവധി സ്കൂൾ ബസുകൾ ജില്ലയിൽ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് വരുമ്പോൾ മാത്രം സുരക്ഷാ സംവിധാനങ്ങൾ ശ്രദ്ധിക്കുകയും പരിശോധനയ്ക്ക് ശേഷം ടയർ വരെ മാറ്റി ഉപയോഗിക്കുന്നതും മോട്ടോർ വാഹനവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പരിശോധന നടക്കുമെന്നറിഞ്ഞ് ചില സ്കൂളുകൾ സുരക്ഷ ഉറപ്പാക്കാൻ ശ്രമം നടത്തി. ഇത്തരം വാഹനങ്ങളുടെ പരിശോധനയിൽ അത് വ്യക്തമായി, സ്കൂൾ അധികൃതർക്ക് താക്കീത് നൽകി.
അമിതവേഗത്തിലും ബ്രേക്കില്ലാതെയും വരെ സ്കൂൾ ബസുകൾ നിരത്തിൽ ഓടുന്നുണ്ട്. സ്കൂൾ വാഹനങ്ങൾ അപകടത്തിലാകുന്നത് പതിവാണ്. കുട്ടികൾ യാത്ര ചെയ്യുന്ന മറ്റ് വാഹനങ്ങളും പരിശോധിക്കും.
വിദ്യാ വാഹൻ
സുരക്ഷ മിത്ര പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി സ്‌കൂൾ വാഹനങ്ങളെ ജി.പി.എസുമായി ബന്ധിപ്പിച്ച് വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യാൻ വിദ്യ വാഹൻ ആപ്പ്. ജില്ലയിൽ വളരെ കുറച്ച് സ്കൂളുകൾ മാത്രമേ ഈ ആപ്പ് ഉപയോഗിക്കുന്നുള്ളു. ആപ്പിലൂടെ സ്‌കൂൾ ബസിന്റെ തത്സമയ ലൊക്കേഷൻ, വേഗത, മറ്റ് അലർട്ടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും.
ആദ്യം മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്പിൽ രജിസ്റ്റർ ചെയ്യണം. ഓരോ സ്‌കൂൾവാഹനങ്ങൾക്കും പ്രത്യേക യൂസർനെയിമും ലോഗിനും ലഭ്യമാണ്. ഇതുപയോഗിച്ച് ബസിന്റെ റൂട്ട് മാപ്പും യാത്രചെയ്യുന്ന കുട്ടികളുടെ വിവരങ്ങളും (രക്ഷിതാക്കളുടെ മൊബൈൽ നമ്പറും) ലഭ്യമാക്കും. യാത്ര തുടങ്ങുന്നതുമുതൽ രക്ഷിതാക്കൾക്ക് നിരീക്ഷിക്കാനാകും. അമിതവേഗമെടുത്താൽ മുന്നറിയിപ്പ് ലഭിക്കും. കുട്ടികൾ വിവിധ സ്‌കൂളുകളിലാണെങ്കിലും ഒറ്റ ആപ്പിൽ വിവരങ്ങൾ ലഭ്യമാകും.
അടിയന്തര സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് ആപ്പിൽ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാം. ടോൾഫ്രീ നമ്പർ : 18005997099.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |