SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.07 PM IST

ഗവി.., നീയൊരു സുന്ദരി...

gavi

പത്തനംതിട്ട : സമുദ്രനിരപ്പിൽ നിന്ന് 3400 അടി ഉയരത്തിലുള്ള നീലത്തടാകങ്ങളുടെ അഗാതമായ സൗന്ദര്യം ആസ്വദിക്കാനും ഓളപ്പരപ്പിലൂടെ കുളിർ കാറ്റേറ്ര് ബോട്ടിംഗ് നടത്താനും ഗവിയിൽ സഞ്ചാരികളുടെ തിരക്കാണ്. കത്തിനിൽക്കുന്ന വെയിലിലും വീശിയടിക്കുന്ന നനുത്തകാറ്റ് ശരീരത്തും മനസിലും കുളിരണിയിക്കും. ഒപ്പം പ്രകൃതിയുടെ മനോഹരമായ മായക്കാഴ്ചകളും. പത്തനംതിട്ടയിൽ നിന്നും കുമളിയിൽ നിന്നും ആരംഭിക്കുന്ന കെ.എസ്.ആർ.ടി.സി സർവീസുകളിലും വനംവകുപ്പിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി സ്വകാര്യവാഹനങ്ങളിലും സഞ്ചാരികൾക്ക് ഗവിയിലെത്താം. ഇതുകൂടതെ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് സ‌ഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസും നടത്തുന്നുണ്ട്.

കഴിഞ്ഞ ഏതാനും ദിവസമായി ചുട്ടുപൊളളുന്ന വെയിലാണ് ഗവിയിലെങ്കിലും സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. വേനൽക്കാലത്ത് ഗവിയിലെ അന്തരീക്ഷ ഊഷ്മാവ് ശരാശരി 25 വരെ ആയിരുന്നത് ഇക്കുറി 30നടുത്ത് എത്തിയെങ്കിലും രാത്രിയിലെ താപനില ഇപ്പോഴും 10 ഡിഗ്രിയിൽ താഴെയാണ്.

കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും അയൽസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും സഞ്ചാരികൾ ഗവിയിൽ എത്തുന്നുണ്ട്. വനംവകുപ്പ് ഒരുക്കുന്ന പ്രത്യേക പാക്കേജ് അനുസരിച്ച് പമ്പാ ഡാമിലൂടെയുളള ബോട്ടിംഗും ട്രക്കിംഗും താമസവും ഭക്ഷണവും റോഡ് സഫാരിയും ജംഗിൾ ക്യാമ്പുമെല്ലാം ഒരുക്കിയിരിക്കുന്നു. കെ.എഫ്.ഡി.സിയാണ് സഞ്ചാരികളുടെ അഭിരുചിക്കനുസരിച്ച് മൂന്ന് പാക്കേജുകൾ തയ്യാറാക്കിയിരിക്കുന്നത്. ഗൈഡിന്റെ സേവനവും ലഭിക്കും.

മൂന്ന് പാക്കേജുകൾ

8 മണിക്കൂർ,

രാവിലെ 8 മുതൽ വൈകിട്ട് 4 വരെ, രണ്ടുനേരം ഭക്ഷണം, ബോട്ടിംഗ്, ട്രക്കിംഗ് സൗകര്യങ്ങൾ. നിരക്ക് : 1650 രൂപ (ഒരാൾക്ക്)

24 മണിക്കൂർ

ബോട്ടിംഗ്, ട്രക്കിംഗ്, താമസം, ആഹാരം, സഫാരി. നിരക്ക് : 3315 രൂപ (ഒരാൾക്ക്).

ജംഗിൾ ക്യാമ്പ്

മിനിമം നാല് പേർക്ക്, വനത്തിനുള്ളിൽ ക്യാമ്പ് ഒരുക്കും.

വനത്തിൽ മൂന്നോ നാലോ കീലോമീറ്റർ നടന്നെത്തി രാത്രി ടെന്റ് ഒരുക്കി താമസമൊരുക്കും. നിരക്ക് : 15,000 രൂപ (വേനൽക്കാലത്ത് മാത്രം)

മൊട്ടക്കുന്നുകളുടെ ആകർഷണം

പുൽമേടുകളാൽ സമ്പന്നമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത. ഇവിടെയുള്ള ഒരു കുന്നിൻപുറത്തു നിന്ന് നോക്കിയാൽ ശബരിമലയുടെ ഒരു വിദൂര ദർശനം സാദ്ധ്യമാകും. അത്യാപൂർവങ്ങളായ പുഷ്പങ്ങളും ബൈബിളിൽ പരമാർശിക്കുന്ന നോഹ പെട്ടകമുണ്ടാക്കാൻ ഉപയോഗിച്ച ഗോഫർ മരം ഉൾപ്പടെയുളള തളിരണിഞ്ഞും പൂത്തുലഞ്ഞും നിൽക്കുന്ന മരങ്ങളും ആകർഷണമാണ്. പക്ഷിനിരീക്ഷകർക്കും ഏറ്റവും അനുയോജ്യമായ പ്രദേശമാണ് ഗവി.

മലമുഴക്കി വേഴാമ്പൽ, മരംകൊത്തി മുതലായ 323 തരം പക്ഷികളുടെ ഒരു സഞ്ചയം തന്നെ ഗവിയിലുണ്ട്. കടുവ, ആന, പുലി, കരടി തുടങ്ങി വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ മേഖല. 63തരം മൃഗങ്ങളും പൊന്നുടുമ്പ് ഉൾപ്പടെ 45 തരം ഉരഗങ്ങളും ഈ പ്രദേശത്തുള്ളതായി കണക്കാക്കപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.