മൂവാറ്റുപുഴ: നിരപരാധിയെ ബാറ്ററി മോഷ്ടാവ് എന്നാരോപിച്ച് മൂവാറ്റുപുഴ പൊലീസ് ക്രൂരമായി മർദ്ദിച്ച സംഭവത്തെ തുടർന്ന് എസ്.പിക്ക് നൽകിയ പരാതിയിന്മേൽ പെരുമ്പല്ലൂർ മടത്തികുടിയിൽ അമൽ ആന്റണിയുടെ (35) മൊഴി മൂവാറ്റുപുഴ ഡിവൈ.എസ്.പി രേഖപ്പെടുത്തി. ഡിവൈ.എസ്.പി പി.എം. ബൈജു, എസ്.ഐ ജയേന്ത് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ അമലിന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. അമ്മ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ മൊഴിയുമെടുത്തു. പെരുമ്പല്ലൂർ വള്ളിക്കാട് മടത്തികുടിയിൽ അമൽ ആന്റണിക്കാണ് (35) പൊലീസിന്റെ മർദ്ദനമേറ്റത്.
കഴിഞ്ഞ 12നായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ പൂവില്പന കേന്ദ്രത്തിൽനിന്ന് ബാറ്ററി മോഷണംപോയി. കട ഉടമ സി.സി ടിവി പരിശോധിച്ചപ്പോൾ കടയുടെ മുന്നിലൂടെ യുവാവ് ബാറ്ററിയുമായി പോകുന്നത് കണ്ടിരുന്നു. തുടർന്നുള്ള അന്വേഷണം ടൗണിലെ ആക്രിക്കടയിലെത്തി. പിന്നീട് അമലിനെതിരെ പൂക്കടഉടമ പൊലീസിൽ പരാതിനൽകി. തുടർന്ന് മൂവാറ്റുപുഴ സ്റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് യുവാവിനെ വീട്ടിൽനിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി. പൊലീസ് സ്റ്റേഷൻവരെ ജീപ്പിൽവച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് അമൽ പറഞ്ഞു.
ഏത് കടയിൽനിന്ന് മോഷ്ടിച്ച ബാറ്ററിയാണ് വിറ്റതെന്ന് ചോദിച്ചായിരുന്നു മർദനം. കുറ്റം സമ്മതിക്കാതെ വന്നതോടെ ബാറ്ററിയുടെ ബില്ലുമായി എത്താൻ കട ഉടമയോട് പൊലീസ് ആവശ്യപ്പെട്ടു. ബില്ല് പരിശോധിച്ചതോടെ യുവാവ് വിറ്റ ബാറ്ററി കടയിൽനിന്ന് കാണാതായതല്ലെന്ന് വ്യക്തമായി.
തന്റെ വീട്ടിലെ ഉപയോഗശൂന്യമായ ബാറ്ററി വിൽക്കാനാണ് ഈ കടയുടെ മുന്നിലൂടെ കടന്നുപോയതെന്ന് അമൽ പറയുന്നു. ഇയാൾ നിരപരാധിയാണന്ന് മനസിലാക്കിയതോടെ സ്റ്റേഷനിൽനിന്ന് പൊലീസ് വിട്ടയച്ചു.
പരിക്കേറ്റ അമൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്നും തനിക്ക് നഷ്ടപരിഹാരം വേണമെന്നുമാവശ്യപ്പെട്ടാണ് അമലിന്റെ പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |