ഇരിക്കൂർ (കണ്ണൂർ): കഴിഞ്ഞ ദിവസം കല്യാട്ട് മോഷണം നടന്ന വീട്ടുടമസ്ഥയുടെ മരുമകൾ കർണാടകയിൽ കൊല്ലപ്പെട്ട നിലയിൽ. മോഷണം നടന്ന വീട്ടിലെ സുമതയുടെ മകൻ സുഭാഷിന്റെ ഭാര്യ ദർശിത(24)യെ ആണ് കർണാടക സാലിഗ്രാമത്തിലെ ലോഡ്ജിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ടാണ് ദർശിത കൊല്ലപ്പെട്ട വിവരം ഇരിട്ടി പൊലീസിന് ലഭിച്ചത്. വെള്ളിയാഴ്ചയാണ് ഇരിക്കൂർ പുള്ളിവേട്ടയ്‌ക്കൊരു മകൻ ക്ഷേത്രത്തിനടുത്ത് അഞ്ചാംപുര വീട്ടിൽ കെ.സി. സുമതയുടെ വീട്ടിൽ മോഷണം നടന്നത്. ദർശിതയുടെ ഭർത്താവ് സുഭാഷ് വിദേശത്താണുള്ളത്. സുമതയും മറ്റൊരു മകൻ സൂരജും വെള്ളിയാഴ്ച രാവിലെ ചെങ്കൽപണയിൽ ജോലിക്ക് പോയതായിരുന്നു. ഇവർ പോയതിനു പിന്നാലെയാണ് ദർശിത രണ്ടര വയസ്സുള്ള മകളോടൊപ്പം വീട് പൂട്ടി കർണാടകയിലെ സ്വന്തം വീട്ടിലേക്ക് പോയതായി പറയുന്നത്.
സുമത വൈകീട്ട് 4.30ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി ദർശിതയോട് വിവരങ്ങൾ അന്വേഷിക്കാൻ പൊലീസ് ബന്ധപ്പെട്ടപ്പോൾ ലഭ്യമായിരുന്നില്ല. ദർശിതയുടെ കൊലപാതകത്തിൽ കർണാടക സ്വദേശിയായ ഒരാൾ കർണാടക പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്ന വിവരവും ലഭിക്കുന്നുണ്ട്. ഇരിട്ടി ഡിവൈ.എസ്.പി കെ ധനഞ്ജയബാബു, കരിക്കോട്ടക്കരി സി.ഐ കെ.ജെ വിനോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വീടിന്റെ വാതിലിനു സമീപത്ത് ചവിട്ടിക്കടിയിൽ സൂക്ഷിച്ച താക്കോൽ ഉപയോഗിച്ചാണ് കവർച്ച നടത്തിയത്. ഷെൽഫിൽ സൂക്ഷിച്ചിരുന്ന 30പവൻ സ്വർണ്ണാഭരണങ്ങളും നാല് ലക്ഷം രൂപയുമാണ് നഷ്ടമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |