പത്തനംതിട്ട : എസ്.എസ്.എൽ.സി പരീക്ഷാച്ചൂടിലാണ് ജില്ലയിലെ വിദ്യാർത്ഥികൾ.
ഇത്തവണ 10,270 വിദ്യാർത്ഥികൾ ഒമ്പത് മുതൽ 29 വരെ നടക്കുന്ന പരീക്ഷയെഴുതും. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ സംബന്ധിച്ച കണക്കെടുപ്പ് പൂർത്തിയായി. തിരുവല്ലയിൽ കണക്കെടുപ്പ് നടന്നുവരികയാണ്. പത്തനംതിട്ടയിൽ 106 സ്കൂളുകളിൽ നിന്ന് 6617 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 3408 ആൺകുട്ടികളും 3209 പെൺകുട്ടികളുമാണുള്ളത്. ഗവ.സ്കൂളിൽ നിന്ന് മാത്രം 1361 വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നുണ്ട്. എയ്ഡഡ് സ്കൂളിൽ 4890, അൺ എയ്ഡഡിൽ 366 പേരുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തനംതിട്ട എം.ടി.എച്ച്.എസിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്. 258 വിദ്യാർത്ഥികളുണ്ട്. നാല് കുട്ടികൾ രജിസ്റ്റർ ചെയ്തിരിക്കുന്ന എൻ.എസ്.എസ് എച്ച്.എസ് കാട്ടൂർ, എം.പി വി.എച്ച്.എസ് കുമ്പഴ എന്നീ സ്കൂളിലാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതുന്നത്.
തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 3653 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് തിരുവല്ല എം.ജി.എം എച്ച്.എസ്.എസിലാണ്. തിരുവല്ല വിദ്യാഭ്യാസ ഉപജില്ലയിലെ വിവര ശേഖരണം പൂർത്തിയായിട്ടില്ല.
എട്ടാം ക്ലാസിൽ കൊവിഡും മറ്റ് സാഹചര്യങ്ങളും കാരണം പൂർണമായി ഓൺലൈനിൽ പഠിച്ച് വന്ന കുട്ടികൾ ഒൻപതാം ക്ലാസ് പകുതിയോടെയാണ് ഓഫ് ലൈനിലേക്ക് മാറുന്നത്. ഈ വർഷം പത്താം ക്ലാസിലാണ് കുട്ടികൾ ക്ലാസ് റൂമിലെത്തി മുഴുവൻ സമയ പഠനം നടത്തിയത്. മനസിലാകാത്ത പാഠങ്ങൾ വിദ്യാർത്ഥികൾക്ക് വാട്സ്ആപ്, ഗൂഗിൾ മീറ്റ് ഗ്രൂപ്പ് വഴിയും അദ്ധ്യാപകർ നൽകിയിരുന്നു. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ.
വിദ്യാഭ്യാസ ജില്ലകളും
പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണവും
പത്തനംതിട്ട : 6617
തിരുവല്ല : 3653
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |