കോന്നി : ഹെൽത്ത് കെയർ മേഖലയിലെ ആഗോള സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും ആരോഗ്യപരിചരണം, ഹെൽത്ത് ടൂറിസം തുടങ്ങിയ മേഖലകളിൽ മെച്ചപ്പെട്ട സേവനം നൽകിക്കൊണ്ട് കേരളത്തെ ഒരു ഹെൽത്ത് കെയർ ഹബ്ബാക്കി മാറ്റിയെടുക്കാനുമുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോന്നി ഗവൺമെന്റ് മെഡിക്കൽ കോളജിലെ അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനു സഹായകമായ കെയർ പോളിസി രൂപീകരിക്കാനും നടപ്പിലാക്കാനും അതിനായി സൗകര്യങ്ങൾ ഒരുക്കാനുമുള്ള പ്രാരംഭപ്രവർത്തനങ്ങൾക്കായി 30 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടികളുടെ ഭാഗമായി 1284 പദ്ധതികൾ നടപ്പാക്കുകയാണ്. കോന്നി മെഡിക്കൽ കോളേജിനെ കൂടുതൽ ഉയരത്തിൽ എത്തിക്കുകയെന്നത് സർക്കാരിന്റെ ലക്ഷ്യമാണ്. ആരോഗ്യ രംഗത്ത് സംസ്ഥാനം ലോകത്തിനു തന്നെ മാതൃകയാണ്. രാജ്യത്തെ കുറഞ്ഞ ശിശു, മാതൃ മരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ ജനകീയ സ്വഭാവം സർക്കാരിന് കൂടുതൽ കരുത്തേകും. 630 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി. സംസ്ഥാനത്തെ 30 വയസിൽ കൂടുതലുള്ള എല്ലാവർക്കും ജീവിത ശൈലി രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടത്തി. 70 ലക്ഷം പേർ ഈ പരിശോധനകൾക്ക് വിധേയരായി. കേരള കാൻസർ കൺട്രോൾ പദ്ധതി നടപ്പാക്കി. സംസ്ഥാനത്തെ 3 കാൻസർ സെന്ററുകളുടെ നേതൃത്വത്തിൽ കാൻസർ ഗ്രിഡ് സംവിധാനം നടപ്പാക്കുന്നു. സാന്ത്വന പരിചരണ സംവിധാനം കൂടുതൽ ഏകോപിപ്പിക്കും. പുതിയ പാലിയേറ്റിവ് കെയർ അരികെ പദ്ധതി എല്ലാ ജില്ലകളിലും നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വീണ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ കെ.യു.ജനീഷ്‌കുമാർ, പ്രമോദ് നാരായണൻ, അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ഡി.എം.ഒ ഡോ.എൽ അനിതകുമാരി, ഡി.പി.എം ഡോ.എസ് ശ്രീകുമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.മറിയം വർക്കി, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഇൻ ചാർജ് ഡോ.എ.ഷാജി, മെഡിക്കൽ കോളേജ് പി.ടി.എ പ്രസിഡന്റ് ജനിത വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |