പത്തനംതിട്ട : ഏലയ്ക്കയിൽ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി വിൽപന തടഞ്ഞ ശബരിമലയിലെ 6.65 ലക്ഷം ടിൻ അരവണ നീക്കാൻ ദേവസ്വം ബോർഡ് മൂന്നാമതും ക്ഷണിച്ച ടെൻഡർ ഇന്ന് തുറക്കും. ആദ്യ രണ്ട് ടെൻഡറുകളിൽ പൊതുമേഖലാ സ്ഥാപനമായ എച്ച്.എൻ.എൽ മാത്രമാണ് പങ്കെടുത്തത്. അരവണ നീക്കം ചെയ്യാൻ ഒന്നേമുക്കാൽ കോടി രൂപ വേണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. ഇത് കൂടുതലാണെന്ന ദേവസ്വം ബോർഡിന്റെ വിലയിരുത്തലിനെ തുടർന്ന് വീണ്ടും ടെൻഡർ ക്ഷണിക്കുകയായിരുന്നു. മൂന്നാമത്തെ ടെൻഡറിൽ ആറ് കമ്പനികൾ പങ്കെടുത്തിട്ടുണ്ട്. നിബന്ധനകൾക്ക് വിധേയമായി ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്യുന്നവർക്ക് ടെൻഡർ നൽകും.
ദേവസ്വം ബോർഡിന് നഷ്ടം കോടികൾ
ഏലയ്ക്കായിൽ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയതോടെ ഇത് ഉപയോഗിച്ച് നിർമ്മിച്ച അരവണ വിൽപ്പന നടത്താതെ ഗോഡൗണിലേക്ക് മാറ്റി സൂക്ഷിക്കാനാണ് ആദ്യം കോടതി നിർദ്ദേശിച്ചത്. തുടർന്ന് കേസ് സുപ്രീംകോടതിവരെ എത്തുകയും അരവണയുടെ സാമ്പിൾ പരിശോധിക്കുകയും ചെയ്തു. ഇതിൽ കീടനാശിനിയുടെ അംശമില്ലെന്നും ഭക്ഷ്യയോഗ്യമാണെന്നും കണ്ടെത്തി. അപ്പോഴേക്കും അരവണ നിർമ്മിച്ചിട്ട് ഒരു വർഷത്തിലേറെ കഴിഞ്ഞിരുന്നു. ഇതോടെ പഴകിയ അരവണ വീണ്ടും വിൽക്കാൽ കഴിയാത്ത സാഹചര്യമുണ്ടായി. ഈ ഇനത്തിൽ ദേവസ്വം ബോർഡിന് ആറരക്കോടിയിലധികം രൂപ നഷ്ടം ഉണ്ടായതായാണ് ബോർഡിന്റെ പ്രാഥമിക കണക്കുകൂട്ടൽ. ഇത് കൂടാതെയാണ് പഴകിയ അരവണ നീക്കംചെയ്യാൻ വീണ്ടും കോടികൾ മുടക്കേണ്ടിവരുന്നത്.
കണ്ടയ്നറുകൾ പൊട്ടി മാളികപ്പുറം ഗോഡൗണിൽ
ഒരു വർഷത്തിലേറെയായി മാളികപ്പുറം ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന അരവണയിലെ ശർക്കര പുളിച്ച് കണ്ടയ്നറുകൾ പൊട്ടാൻ തുടങ്ങിയിട്ടുണ്ട്. വന്യമൃഗസാന്നിദ്ധ്യം കൂടുതലുള്ള പാണ്ടിത്താവളത്തോട് ചേർന്നുള്ള ഗോഡൗണിൽ അരവണ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല. ശർക്കരയുടെ മണംപിടിച്ച് ആന ഉൾപ്പടെയുള്ള വന്യജീവികളെത്തുമെന്ന ആശങ്കയുമുണ്ട്.
2022 - 23 തീർത്ഥാടനകാലത്തിന് മുൻപ് അരവണ സന്നിധാനത്തുതന്നെ വലിയ കുഴികളെടുത്ത് മൂടാൻ പദ്ധതി ഇട്ടിരുന്നു. എന്നാൽ ഈനീക്കം വനംവകുപ്പ് ഇടപെട്ട് തടഞ്ഞതോടെ അരവണ സന്നിധാനത്തിന് പുറത്ത് എത്തിച്ച് സംസ്‌കരിക്കാൻ തീരുമാനിക്കുകയായിരുന്നു. അരവണ നീക്കത്തിന് സർക്കാരിന്റെ സഹായം തേടാൻ കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും സാമ്പത്തിക സഹായം ലഭിക്കില്ലെന്നാണ് സൂചന.
പുനരുപയോഗം വ്യക്തമാക്കണം
ശബരിമലയിൽ നിന്ന് നീക്കം ചെയ്യുന്ന അരവണ എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ടെൻഡറിൽ പങ്കെടുത്ത കമ്പനികൾ വ്യക്തമാക്കണം. ദേവസ്വം ബോർഡിനെ ഇക്കാര്യം ബോധ്യപ്പെടുത്തുന്ന കമ്പനികളുടെ ടെൻഡർ മാത്രമെ പരിഗണിക്കു.
പി.എസ്.പ്രശാന്ത്,
ദേവസ്വം ബോർഡ് പ്രസിഡന്റ്
ടെൻഡറിൽ പങ്കെടുക്കുന്നത് 6 കമ്പനികൾ,
നീക്കം ചെയ്യേണ്ട അരവണ ടിൻ : 6.65 ലക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |