
പത്തനംതിട്ട: വടശ്ശേരിക്കരയിൽ നാട്ടുകാരെ ഭയപ്പെടുത്തി വീട്ടുമൃഗങ്ങളെ പിടികൂടി കൊന്ന കടുവ ഒടുവിൽ കൂട്ടിലായി. കുമ്പളത്താമൺ, ഒളിക്കല്ല് മേഖലയിൽ ഭീതിപരത്തിയിരുന്ന കടുവയാണ് ഇന്ന് വനംവകുപ്പ് വച്ച കൂട്ടിൽ അകപ്പെട്ടിരിക്കുന്നത്. കുമ്പളത്താമണ്ണിൽ മാസങ്ങളായി ഭീതിപടർത്തിയിരുന്ന കടുവയാണിത്. വലിയൊരു കടുവ പ്രദേശത്ത് തങ്ങളുടെ വളർത്തുമൃഗങ്ങളെ പിടികൂടുന്നു എന്ന് നാട്ടുകാർ വ്യാപക പരാതി ഉയർത്തിയതിനെത്തുടർന്ന് കുമ്പളത്താമണ്ണിൽ വനമേഖലയോട് ചേർന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ ഈ കൂട്ടിൽ കടുവ കയറിയില്ല.
ഇതിനിടെ സ്ഥലത്തെ ഫാമുകളിലെ വളർത്തുമൃഗങ്ങളെയെല്ലാം കടുവ പിടികൂടാൻ തുടങ്ങി. ഇന്നലെ പട്ടാപ്പകൽ സ്ഥലത്തിറങ്ങിയ കടുവ ഒരു ആടിനെ കടിച്ചുകൊന്നിരുന്നു. മുൻപ് ഒരു പോത്തിനെ കടുവ പിടിച്ച ഭാഗത്ത് നിന്നും 50 മീറ്റർ മാത്രം ദൂരെയാണിത്. തുടർന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പകൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ വനത്തിനോട് ചേർന്നുള്ള ഒരിടത്ത് വനംവകുപ്പ് കടുവ പിടിച്ച ആടിനെ ഇരയാക്കി കൂടൊരുക്കി. ഈ കൂട്ടിലാണ് ഇപ്പോൾ കടുവ വീണിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി കടുവയെ പിന്നീട് ഉൾവനത്തിലേക്ക് കയറ്റിവിടുമെന്നാണ് ലഭ്യമായ വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |