തിരുവല്ല : നഗരസഭയുടെ രാമപുരം മാർക്കറ്റിൽ പുതിയ ഷോപ്പിംഗ് കോംപ്ലക്സ്. ഇങ്ങനെ കേൾക്കാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടോളമായി. പതിവായി നഗരസഭാ ബഡ്ജറ്റിൽ ഇടംതേടുന്ന പതിവ് പദ്ധതി ഇപ്പോൾ നഗരവാസികളെ പറഞ്ഞുപറ്റിക്കാനുള്ള പദ്ധതിയായി മാറിയിരിക്കുകയാണ്. പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുമെന്ന പേരിൽ അഞ്ചുവർഷംമുമ്പ് ഉണ്ടായിരുന്ന കെട്ടിടവും പൊളിച്ചുനീക്കി. അതോടെ നഗരസഭയ്ക്ക് കിട്ടിക്കൊണ്ടിരുന്ന വാടകവരുമാനവും ഇല്ലാതായി. നഗരസഭ കാര്യാലയത്തിനോട് ചേർന്നുള്ള സ്ഥലത്ത് നാളിത്രയായിട്ടും ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാനുള്ള കരാർ നൽകാൻ പോലും തയ്യാറാകാത്തത് നഗരസഭയുടെ ആസൂത്രണമില്ലാഴ്മയും കെടുകാര്യസ്ഥതയും തുറന്നുകാട്ടുന്നു. നഗരസഭയുടെ അടുത്ത ബഡ്ജറ്റ് വീണ്ടുമെത്തുമ്പോൾ രാമപുരം മാർക്കറ്റ് വീണ്ടും ചർച്ചയാകുകയാണ്.
നഗരത്തിന് നാണക്കേടായി
പതിറ്റാണ്ടുകളുടെ പൈതൃകമുള്ള തിരുവല്ലയുടെ ഏക പൊതുചന്തയാണ് രാമപുരം, പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതോടെ ഇപ്പോൾ താൽക്കാലിക സംവിധാനത്തിലാണ് ചന്തയുടെ പ്രവർത്തനം. മഴയും വെയിലുംകൊണ്ടാണ് പലരും കച്ചവടം നടത്തുന്നത്. മഴപെയ്താൽ കടകൾ വെള്ളക്കെട്ടിലാകും. ബഹുനിലകളിലായി ഒട്ടേറെ സൗകര്യങ്ങളോടെ പുതിയ ഷോപ്പിംഗ് കോംപ്ലക്സ് പണിയുമെന്നായിരുന്നു പ്രഖ്യാപനം.
ആദ്യത്തെ ശിലയിട്ടത് 2006ൽ
കേരളപ്പിറവി സുവർണജൂബിലി സ്മാരകമായി നിർമ്മിക്കാൻ ലക്ഷ്യമിട്ട് 2006 ലാണ് മാർക്കറ്റ് ഷോപ്പിംഗ് കോംപ്ളക്സിനായി ആദ്യമായി ശിലാസ്ഥാപനം നടത്തിയത്. പിന്നീട് തുടർനടപടികൾ വൈകിയതിനാൽ പണികൾ മുടങ്ങി. എം.പി, എം.എൽ.എ, മുൻസിപ്പൽ ചെയർമാൻ എന്നിവരെല്ലാം പിന്നീട് മാറിമാറി ശിലാസ്ഥാപനം നടത്തി. തുടർന്നുള്ള ഓരോ ബഡ്ജറ്റിലും നിർമ്മാണത്തിനായി തുക വകയിരുത്താറുണ്ട്. ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും ശിലയിടൽ നടക്കും. 2019 ലും ശിലയിടൽ നടന്നു. 2022ലാണ് ഒടുവിൽ ശിലയിട്ടത്. അന്ന് നഗരസഭാദ്ധ്യക്ഷ യു.ഡി.എഫിലെ ബിന്ദു ജയകുമാർ ശിലയിടാൻ എത്തിയപ്പോൾ എൽ.ഡി.എഫ് അംഗങ്ങൾ 2006ൽ സ്ഥാപിച്ച ശിലാഫലകത്തിൽ റീത്ത് വച്ചു പ്രതിഷേധിച്ചു. പഴികേട്ട നഗരസഭ ഒടുവിൽ കെട്ടിട നിർമ്മാണത്തിനായി ഇവിടെ മണ്ണുപരിശോധനയും നടത്തി.
രാമപുരം മാർക്കറ്റ് കോംപ്ലക്സ് :
വിവിധ വർഷങ്ങളിൽ നഗരസഭ
ബഡ്ജറ്റിലെ തുക
2021ൽ : 12.32 കോടി,
2022ൽ : 13 കോടി,
2023ൽ : 4.85 കോടി,
2024ൽ : 5.5 കോടി,
2025ൽ : ?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |