കോഴഞ്ചേരി : ഉത്രട്ടാതി ജലമേളയിലെ മത്സര വള്ളംകളിയുടെ ഫിനിഷിംഗ് പോയിന്റായ സത്രക്കടവിൽ സ്ഥിരം പവലിയൻ നിർമ്മാണത്തിന് സംസ്ഥാന ബഡ്ജറ്റിൽ 2 കോടി രൂപ ഉൾപ്പെടുത്തിയത് ആറന്മുളയ്ക്ക് ആശ്വാസമാകുമ്പോൾ ആശങ്കകളും ഇല്ലാതെയില്ല. മുമ്പും പലതവണ ആറൻമുളയിലെ പദ്ധതികൾ ബഡ്ജറ്റിൽ ഇടംപിടിച്ചെങ്കിലും ശിലാഫലകത്തിൽ ഒതുങ്ങിയതാണ് ആശങ്കയ്ക്ക് പ്രധാന കാരണം. വാട്ടർ സ്റ്റേഡിയം, നിരീക്ഷണ ഗോപുരം എന്നീ പദ്ധതികളാണ് പ്രഖ്യാപനത്തിലൊതുങ്ങിയത്.
ദീർഘകാലമായി പള്ളിയോട സേവാസംഘം ആവശ്യപ്പെടുന്ന പദ്ധതിയാണ് സത്രക്കടവിലെ സ്ഥിരം പവലിയൻ. ഓരോവർഷവും താത്കാലിക പവലിയൻ മേൽക്കൂരയോട് കൂടി നിർമ്മിക്കുന്നതിനുള്ള ലക്ഷങ്ങളുടെ ചെലവ് പള്ളിയോട സേവാസംഘത്തിന് സാമ്പത്തിക ബാദ്ധ്യതയാകുന്ന സാഹചര്യത്തിലാണ് പദ്ധതി ബഡ്ജറ്റിൽ ഇടംകണ്ടത്. പവലിയൻ രണ്ടുനിലയിലായി രൂപകല്പന ചെയ്താൽ കാണികൾക്ക് ജലമേളയുടെ ഭംഗിയും ആവേശവും സൗകര്യമായി ആസ്വദിക്കാൻ കഴിയും. ഒപ്പം നിരീക്ഷണ ഗോപുരവും നിർമ്മിച്ചാൽ ടൂറിസം മേഖലയിലെ സാദ്ധ്യതകൾക്കും വഴിവയ്ക്കുന്ന പദ്ധതിയാകും.
ശബരിമല തീർത്ഥാടന കാലയളവിൽ നിരവധി തീർത്ഥാടകരാണ് സ്നാനത്തിനായി സത്രക്കടവിലെത്തുന്നത്. വള്ളസദ്യകാലയളവിൽ പള്ളിയോടങ്ങളുടെ താവളവും സത്രക്കടവാണ്. ഇവിടെയെത്തുന്ന തീർത്ഥാടകർക്കും പള്ളിയോട തുഴച്ചിലുകാർക്കും ആശ്വാസമാകും പവലിയൻ പദ്ധതി.
ശിലയിൽ ഒതുങ്ങിയ ആറൻമുളയിലെ പദ്ധതികൾ
1997ൽ ജലസേചന മന്ത്രിയായിരുന്ന ബേബി ജോൺ പ്രഖ്യാപിച്ച വാട്ടർ സ്റ്റേഡിയം സത്രക്കടവിലെ തറക്കല്ലിലൊതുങ്ങി. ഉത്രട്ടാതി ജലമേളയ്ക്ക് ആവശ്യമായ ജലവിതാനം ഉറപ്പുവരുത്താനും ടൂറിസം പദ്ധതികൾ രൂപീകരിക്കാനും ഏറെ സഹായമായ പദ്ധതിയുടെ സാദ്ധ്യതാപഠനത്തിനായി തുക വകയിരുത്തുകയും അന്നത്തെ പള്ളിയോട സേവാസംഘം ഭാരവാഹികൾ, ജില്ലാ കളക്ടർ, എം.എൽ.എയായിരുന്ന കടമ്മനിട്ട രാമകൃഷ്ണൻ തുടങ്ങിയവർ ആന്ധ്രയിലുള്ള വാട്ടർ സ്റ്റേഡിയം സന്ദർശിച്ച് പഠനം നടത്തിയതുമാണ്. നദീതീരത്ത് മണ്ണ് പരിശോധന വരെ നടത്തി. നദീസംരക്ഷണ സമിതിയും പരിസ്ഥിതി സംഘടനകളും എതിർപ്പ് പ്രകടിപ്പിച്ചത് തടസമായി.
2000 ആഗസ്റ്റ് 3ന് അന്നത്തെ ജലസേചന മന്ത്രിയായിരുന്ന വി.പി.രാമകൃഷ്ണപിള്ള
തറക്കല്ലിട്ട നിരീക്ഷണ ഗോപുരവും പ്രഖ്യാപനം മാത്രമായി. വിനോദ സഞ്ചാരത്തിന് പ്രാധാന്യം നൽകി അവതരിപ്പിച്ച പദ്ധതിയായിരുന്നു.
പവിലയൻ പദ്ധതിക്ക് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ തുക : 2 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |