പത്തനംതിട്ട : ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളുടെ വളപ്പിൽ കിടക്കുന്ന ഉപയോഗശൂന്യമായ പഴയ വാഹനങ്ങൾ നിരവധി. ഇവ വില്പന നടത്തിയാൽ നല്ലൊരു തുക സർക്കാരിന് ലഭിക്കും. പക്ഷേ അതിന് നടപടിയില്ല. പഴയ വാഹങ്ങൾ പലതും യഥാസമയം നീക്കം ചെയ്യാതെ ദ്രവിച്ചുതുടങ്ങി. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ കിടക്കുന്ന പഴകിയ ഒരു അംബാസിഡർ കാറിന് നിശ്ചയിച്ച തുക 36000 രൂപയാണ്. ഇങ്ങനെ നല്ല വില ലഭിക്കുന്ന പഴയ വാഹനങ്ങൾ പല ഒാഫീസ് വളപ്പിലും അധികൃതർ തിരിഞ്ഞുനോക്കാതെ കിടക്കുന്നുണ്ട്.
റവന്യു, പി.ഡബ്ല്യു.ഡി തുടങ്ങിയ പ്രധാന വകുപ്പുകളുടെ വാഹനങ്ങൾ തുരുമ്പിച്ച് മിനിസിവിൽ സ്റ്റേഷന് മുമ്പിലുണ്ട്. രണ്ട് മാസം മുമ്പ് ജീവനക്കാർ ചേർന്ന് സ്വന്തം പണം മുടക്കി സിവിൽ സ്റ്റേഷന്റെ പിറകിലേക്ക് ഇൗ വാഹനങ്ങളിൽ ചിലതൊക്കെ മാറ്റി. ബാക്കിയുള്ളവ ഇപ്പോഴും മുന്നിൽത്തന്നെ കിടക്കുകയാണ്.
നിരവധി സർക്കാർ സ്ഥാപനങ്ങളും കോടതിയും പ്രവർത്തിക്കുന്ന പത്തനംതിട്ട മിനിസിവിൽ സ്റ്റേഷൻ വളപ്പിലാണ് ഉപയോഗ ശൂന്യമായ വാഹനങ്ങൾ നിരന്നുകിടക്കുന്നത്. ലേലത്തിൽ പോകാതെ പല വാഹനങ്ങളും വർഷങ്ങളായി ഇവിടെ കിടപ്പുണ്ട്. പുതിയ വാഹനങ്ങൾ എത്തിയപ്പോൾ ഉപേക്ഷിച്ച പഴയ വാഹനങ്ങളും കാലാവധി കഴിഞ്ഞവയും ഇക്കൂട്ടത്തിലുണ്ട്. പാർക്കിംഗ് ഏരിയയിൽ കാലാവധി കഴിഞ്ഞ വാഹനങ്ങൾ കിടക്കുന്നതിനാൽ സർക്കാർ ഓഫീസുകളിൽ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ മറ്റ് സ്ഥലങ്ങൾ അന്വേഷിക്കേണ്ടി വരും.
വള്ളം മുതൽ ജെ.സി.ബി വരെ
വാഹനങ്ങൾ മാത്രമല്ല വള്ളവും മിനി സിവിൽ സ്റ്റേഷനിലുണ്ട്. മുമ്പ് അനധികൃത മണൽ വാരലിന് പിടിയ്ക്കപ്പെട്ടവയാണ് വള്ളങ്ങൾ. മിനിസിവിൽ സ്റ്റേഷന് ഒത്തനടുക്ക് ഒരു ജെ.സി.ബി കിടപ്പുണ്ട്. കോടതി പിടിച്ചെടുത്ത് ലേലത്തിന് വച്ച ജെ.സി.ബിയാണിത്.
നിയമമുണ്ട്, പക്ഷേ..
പി.ഡബ്ല്യൂ.ഡി വാഹന വിഭാഗമാണ് ഉപയോഗ ശൂന്യമായ വാഹനങ്ങൾക്ക് വില നിശ്ചയിക്കുക. ഈതുക അനുസരിച്ച് ലേലത്തിന് വിടുകയാണ് അധികൃതർ ചെയ്യുന്നത്. പതിനഞ്ച് വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിച്ച് വിൽക്കണമെന്നാണ് നിയമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |