തിരുവല്ല : കോടികൾ മുടക്കി നവീകരണം നടക്കുന്ന തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ കുതിച്ചുപായുന്ന ട്രെയിനുകൾ കാണാനാകും. ട്രെയിൻ യാത്ര സാദ്ധ്യമാകില്ല. ട്രെയിനിൽ യാത്ര ചെയ്യണമെങ്കിൽ സമീപപ്രദേശമായ ചങ്ങനാശേരിയിലോ, ചെങ്ങന്നൂരോ ചെല്ലണം. ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തതാണ് തിരുവല്ലയിലെ പ്രശ്നം. ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനും റെയിൽവേ ക്ലാസിഫിക്കേഷനിൽ എ ക്ലാസ് വിഭാഗത്തിലുമുള്ളതുമായ തിരുവല്ലയോടുള്ള റെയിൽവേയുടെ അവഗണന തുടരുകയാണ്. തിരുവല്ല സ്റ്റേഷനിൽ പത്ത് കോടിയുടെ വികസന പ്രവർത്തനങ്ങൾ നടന്നുവരുന്നു. എന്നാൽ കൊവിഡ് കാലത്തിന് മുമ്പ് സ്ഥിരംസ്റ്റോപ്പ് ഉണ്ടായിരുന്ന പ്രധാനപ്പെട്ട മൂന്ന് ട്രെയിനുകളായ അമൃത എക്സ്‌പ്രസ്, രാജ്യറാണി എക്സ്‌പ്രസ്, മംഗലാപുരം എക്സ്‌പ്രസ് എന്നിവയ്ക്ക് തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രയിൽ സ്റ്റോപ്പ് നിറുത്തലാക്കിയിട്ട് വർഷങ്ങളായി. അതിരാവിലെ തലസ്ഥാനത്ത് എത്തേണ്ടവർക്കും ആർ.സി.സിയിൽ അടക്കം ചികിത്സയ്ക്ക് പോകുന്നവരും ആശ്രയിക്കുന്ന ഈ ട്രെയിനുകൾക്ക് തിരുവല്ലയിൽ സ്റ്റോപ്പില്ലാത്തത് രോഗികൾ ഉൾപ്പെടെയുള്ളവരെയാണ് വലയ്ക്കുന്നത്. മലബാർ മേഖലയിൽ നിന്ന് വടക്കൻ ജില്ലകളിൽ നിന്നുള്ളവർക്കും തിരുവല്ലയിൽ ഇറങ്ങുന്നതിനും ഏറെ പ്രയോജനപ്രദമായിരുന്നു ഈ ട്രെയിനുകൾ. എന്നാൽ ഇതുവരെയും നടപടികൾ ഉണ്ടായിട്ടില്ല. അന്തർ സംസ്ഥാന തീർത്ഥാടകർ വന്നുപോകുന്ന ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയുടെ പ്രവേശനകവാടമായ തിരുവല്ലയിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കൂടാതെ മാരാമൺ, ചെറുകോൽപ്പുഴ, മഞ്ഞനിക്കര, കുമ്പനാട് കൺവെൻഷനുകൾ, പി.ആർ.ഡി.എസ് മഹോത്സവം, ചക്കുളത്തുകാവ്, എടത്വ പള്ളി എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാൻ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾക്ക് തിരുവല്ലയിൽ സ്റ്റോപ്പില്ലാത്തത് ഏറെ ബുദ്ധിമുട്ടിക്കുകയാണ്. കഴിഞ്ഞ ദിവസവും താരതമ്യേന ചെറിയ സ്റ്റേഷനുകളിൽ ചില ട്രെയിനുകൾക്ക് റെയിൽവേ സ്റ്റോപ്പുകൾ അനുവദിച്ചപ്പോഴും തിരുവല്ലയെ അവഗണിച്ചു.
വന്ദേഭാരതും തുണച്ചില്ല
ഒരു ജില്ലയ്ക്ക് ഒരുസ്റ്റോപ്പ് എന്ന രീതിയിൽ കടന്നുപോകുന്ന വേഗതയേറിയ വന്ദേഭാരത് ട്രെയിനും തിരുവല്ല സ്റ്റേഷനിൽ സ്റ്റോപ്പില്ല. വിവേക് എക്സ്‌പ്രസ് അടക്കമുള്ള മറ്റു ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കാത്തതിനാൽ മിക്ക യാത്രക്കാരും സമീപ സ്റ്റേഷനുകളെ ആശ്രയിക്കുകയാണ്. അതിരാവിലെയുള്ള ചെന്നൈ - തിരുവനന്തപുരം സൂപ്പർഫാസ്റ്റിന് തിരുവല്ലയെക്കാൾ ക്ലാസിഫിക്കേഷനിൽ പിന്നിലുള്ള ചങ്ങനാശ്ശേരിയിൽ സ്ലീപ്പർ ടിക്കറ്റ് നൽകുമ്പോൾ തിരുവല്ലയിൽ നിഷേധിക്കുകയാണ്. തിരുവല്ലയിൽ നിന്നുള്ള യാത്രക്കാർക്ക് ജനറൽ ടിക്കറ്റ് മാത്രമാണ് നൽകുന്നതെന്ന പരാതിയുമുണ്ട്.
അമൃത എക്സ്‌പ്രസ്, രാജ്യറാണി എക്സ്‌പ്രസ്, മംഗലാപുരം എക്സ്‌പ്രസ്
എന്നീ ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തത് ഏറെ ദുരിതം
തിരുവല്ല സ്റ്റേഷനോട് റെയിൽവേ തുടരുന്ന നീതിനിഷേധം അവസാനിപ്പിക്കണം. എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം
വി.ആർ.രാജേഷ്
(യാത്രക്കാരൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |