ഏഴംകുളം : സ്വന്തമായി ഭൂമിയില്ലാത്തവരുടെ മൃതദേഹം സംസ്കരിക്കാൻ പൊതുശ്മശാനമില്ലാതെ ഏഴംകുളം ഗ്രാമപഞ്ചായത്ത് . മറ്റ് സ്ഥലങ്ങളിലെ ശ്മശാനങ്ങളിലാണ് ഇപ്പോൾ ഇത്തരം മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. മുൻ വർഷങ്ങളിൽ ഉൾപ്പെടെ ഏഴംകുളം പഞ്ചായത്ത് പൊതുശ്മശാനത്തിനായി ബഡ്ജറ്റിൽ തുക വകയിരുത്തിയിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല . ഭൂമി നൽകാൻ ആരും തയ്യാറാകാത്തതാണ് പ്രശ്നമെന്ന് പറയുന്നു. നേരത്തെ കൊല്ലത്തുള്ള പൊതുശ്മശാനത്തിലേക്കാണ് ആളുകൾ മൃതദേഹങ്ങൾ കൊണ്ടുപോയിരുന്നത് .ഇവിടെ സംസ്കാര കർമ്മങ്ങൾക്ക് മാത്രം 3500 രൂപ ചെലവ് വരും . ആംബുലൻസ് ചാർജ് കൂടിയാകുമ്പോൾ തുക കൂടും. ഏറത്ത് പഞ്ചായത്തിൽ ശ്മശാനം വന്നതോടെ ഇപ്പോൾ കൂടുതലും മൃതദേഹങ്ങൾ അവിടേക്കാണ് കൊണ്ടുപോകുന്നത് . അന്യസ്ഥലങ്ങളിലുള്ള പൊതു ശ്മശാനത്തിൽ സംസ്കാരം നടത്തിയാൽ ചെലവായ തുകയുടെ ബില്ല് നൽകിയാൽ പഞ്ചായത്തിൽ നിന്ന് പണം അനുവദിച്ചു നൽകുമെന്ന് അധികൃതർ പറഞ്ഞു .
---------------
മുൻ വർഷങ്ങളിലെ ബഡ്റ്റുകളിൽ ശ്മശാനത്തിന് തുക വകയിരുത്തിയിരുന്നു .സർക്കാർ വിലയ്ക്ക് ഭൂമി നൽകാൻ ഭൂവുടമകൾ തയ്യാറാകുന്നില്ല . സ്ഥലം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്
വിനോദ് തുണ്ടത്തിൽ
ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
----------------
പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലമാണ് പൊതുശ്മശാനം യാഥാർത്ഥ്യമാകാത്തത്. അനുയോജ്യമായ സ്ഥലം പഞ്ചായത്ത് അതിർത്തിക്കുള്ളിൽ കണ്ടെത്താൻ ശ്രമിക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്നത് .
അനിൽ നെടുമ്പള്ളിൽ
ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ്
-------------------
.പൊതുശ്മശാനത്തിനു അനുയോജ്യമായ ഭൂമി കണ്ടെത്താനുള്ള യാതൊരു ശ്രമവും പഞ്ചായത്ത് ഭരണസമിതി നടത്തുന്നില്ല .ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണം
സുരേഷ് ബാബു
കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |