കൊച്ചി: കളമശേരി, ആലുവ ഭാഗത്തുള്ള യാത്രക്കാർക്ക് എറണാകുളം നഗരത്തിലേക്ക് അതിവേഗം എത്താൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കണ്ടെയ്‌നർ റോഡ് അന്താരാഷ്ട്ര നിലവാരത്തിന് സമാനമായി അടിമുടി മാറും. റോഡിലെ നവീകരണ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. പാലങ്ങളുടെ അടിയിലെ തൂണുകളിലും നിർമ്മാണ ജോലികളും ടാറിംഗുകളും തെരുവുവിളക്ക് സ്ഥാപിക്കലുമെല്ലാം പുരോഗമിക്കുന്നത്. റോഡിന്റെ ഇരുവശവും ഉയരം വർദ്ധിപ്പിക്കേണ്ടിടങ്ങളിൽ ഉയരം വർദ്ധിപ്പിച്ച് ബി.എം. ആൻഡ് ബി.സി. നിലവാരത്തിലാണ് ടാറിംഗ്. പലയിടങ്ങളിലും റോഡിന്റെ വീതിയും കൂട്ടുന്നുണ്ട്. 129.5 കോടി രൂപയുടെ നവീകരണമാണ് കണ്ടെയ്‌നർ റോഡിൽ നടക്കുന്നത്.
ഓരോ അഞ്ചു വർഷം കൂടുമ്പോഴും നടത്തുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമാണിതെന്നാണ് അധികൃതർ വ്യക്തമാക്കുന്നതെങ്കിലും
കണ്ടെയ്‌നർ റോഡ് നിർമ്മിച്ചതിനുശേഷമുള്ള ഏറ്റവും വലിയ നവീകരണ ജോലികളാണ് ഇപ്പോൾ നടക്കുന്നത്.
പ്രധാന നവീകരണ പ്രവർത്തനങ്ങൾ
ബെയറിംഗുകൾ മാറ്റുന്നു: കണ്ടെയ്‌നർ റോഡിലെ ആകെയുള്ള 11 പാലങ്ങളിലും രണ്ട് ഫ്‌ളൈഓവറുകളിലുമുള്ള 10 വർഷത്തിലേറെ പഴക്കമുള്ള ബെയറിംഗുകളാണ് മാറ്റുന്നത്. ചേരാനല്ലൂർ, മുളവുകാട് പാലങ്ങൾക്ക് താഴെയുള്ള വശങ്ങളിലെ എട്ടോളം തൂണുകളിലെ 50ലേറെ ബെയറിംഗുകളിൽ 40നടുത്ത് എണ്ണം മാറ്റിസ്ഥാപിച്ചു. ജോലികൾ തുടങ്ങിയിട്ട് രണ്ട് മാസത്തോളമായി. പാലങ്ങൾക്ക് മുകളിൽ റീലുകളുള്ള ഭാഗങ്ങളിലെ ടാറിംഗും കോൺക്രീറ്റും ഉൾപ്പെടെ പൊട്ടിച്ച് റീകോൺക്രീറ്റിംഗും റീ ടാറിംഗും നടക്കുന്നു.
കൽവെർട്ട് വീതികൂട്ടൽ: കൽവെർട്ടുകളിലെ പരിശോധനയ്ക്കായി പൊന്നാരിമംഗലം ടോൾ പ്ലാസയ്ക്ക് സമീപം നടത്തിവന്ന അറ്റകുറ്റപ്പണികൾ പൂർത്തിയായി. ഇതിനു പിന്നാലെ മുളവുകാട് പൊലീസ് സ്റ്റേഷന് സമീപമുള്ള കൽവെർട്ടിന്റെ വീതികൂട്ടൽ ഉൾപ്പെടെ പുരോഗമിക്കുകയാണ്.
തെരുവു വിളക്കുകൾ: കളമശേരി മുതൽ ഗോശ്രീ പാലത്തിന് സമീപത്തുള്ള കണ്ടെയ്‌നർ റോഡിന്റെ ആരംഭഭാഗം വരെയുള്ള സ്ഥലത്തെ മീഡിയനുകളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള ജോലികളും അന്തിമ ഘട്ടത്തിലാണ്. ആകെ 1,106 തെരുവുവിളക്കുകളാണ് സ്ഥാപിക്കുന്നത്. തെരുവുവിളക്കുകൾ ഇല്ലാത്തത് ഈ റോഡിലൂടെയുള്ള ഇരുചക്ര വാഹന ഗതാഗതത്തെ ഉൾപ്പെടെ സാരമായി ബാധിച്ചിട്ടുണ്ട്. പുതിയ വിളക്കുകൾ തെളിയുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകും.
129.5 കോടി രൂപയുടെ നവീകരണം
1,106 തെരുവുവിളക്കുകൾ സ്ഥാപിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |