പത്തനംതിട്ട : മുണ്ടുകോട്ടയ്ക്കൽ നിരവ് പുരയിടത്തിൽ തങ്കപ്പനും (89) എൺപത്തഞ്ചുകാരിയായ ഭാര്യ പൊന്നമ്മയും ഉറങ്ങിയിട്ട് രണ്ടാഴ്ചയായി. ഇവരുടെ വീടിന് മുകളിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യാനാകാത്തത് ഈ വൃദ്ധജന്മങ്ങളെ ദുരിതത്തിലാക്കുകയാണ്. ഭക്ഷണത്തിനും വെള്ളത്തിനും വരെ മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലായിരിക്കുന്നു ഇവർ. കൂടുതൽ മണ്ണിടിഞ്ഞ് വീട് മൂടപ്പെടുമോയെന്ന് ഇവർ ആശങ്കപ്പെടുന്നു. വിവാഹിതരായി മറ്റിടങ്ങളിൽ താമസിക്കുന്ന നാല് പെൺമക്കളാണ് ഇവർക്കുള്ളത്.
കഴിഞ്ഞ മാസം 29ന് രാവിലെ 11ന് കനത്ത മഴയിലാണ് പിൻവശത്തുള്ള മൺതിട്ട വീടിന്റെ ഒരുഭാഗത്തേക്ക് പതിച്ചത്. ഈ സമയം തങ്കപ്പനും ഭാര്യ പൊന്നമ്മയും വീട്ടിലുണ്ടായിരുന്നു. ഇരുവരുടെ കിടപ്പുമുറി, സമീപമുള്ള ബാത് റൂം, അടുക്കള എന്നിവയുടെ മുകളിലേക്ക് മണ്ണ് നിരന്നു. പത്തനംതിട്ട നഗരസഭയുടെ അഞ്ചാം വാർഡിലാണ് ഈ ദുരിതക്കാഴ്ച. തങ്കപ്പന്റെ പുരയിടത്തിലെ മണ്ണാണ് ഇടിഞ്ഞ് വീണത്. ഇരുപത്തിയഞ്ച് ലോഡ് മണ്ണ് ഇവിടെ നിന്ന് നീക്കേണ്ടിവരും. കൂടുതൽ ഇടിയാൻ സാദ്ധ്യതയുള്ളതിനാൽ കൂടുതൽ മണ്ണ് നീക്കം ചെയ്യേണ്ടിവരും.
മണ്ണ് നീക്കാൻ അനുമതി വേണം
നടക്കാൻ പോലും ബുദ്ധിമുട്ടുന്ന തങ്കപ്പൻ ഏറെ കഷ്ടപ്പെട്ട് റവന്യുവിനും ജിയോളജിക്കും ദുരന്തനിവാരണ സേനയ്ക്കും കളക്ടറിനും പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായില്ല. അപകട ഭീഷണി ഒഴിവാക്കുന്നതിനായി മണ്ണ് പുരയിടത്തിൽ തന്നെ മാറ്റി നിക്ഷേപിക്കുന്നതിന് കളക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ റവന്യു ഡിവിഷണൽ ഓഫീസറുടേയും ജിയോളജിസ്റ്റിന്റേയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ തീരുമാനപ്രകാരം മാത്രമേ മണ്ണ് നീക്കാൻ സാധിക്കു. ജിയോളജി വിഭാഗം സംഭവം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് പരിശോധന നടത്തിയത്. ഇതുവരെ മണ്ണ് നീക്കാനുള്ള അനുമതി നൽകിയിട്ടില്ല.
വെള്ളമില്ല, പാചകം ഹാളിൽ
ദൂരെയുള്ള കിണറിൽ നിന്ന് വീട്ടിലേക്ക് പൈപ്പ് കണക്ഷൻ എടുത്തിരിക്കുകയാണ് തങ്കപ്പൻ. മണ്ണിനടിയിലാണ് ഈ പൈപ്പ്. മണ്ണിടിഞ്ഞത് കാരണം വെള്ളം പമ്പ് ചെയ്യാൻ സാധിക്കുന്നില്ല. കോരിക്കൊണ്ട് വരാനുള്ള ആരോഗ്യ സ്ഥിതിയും ഇവർക്കില്ല. വീടിന്റെ ഹാളിൽ ഗ്യാസ് അടുപ്പുവച്ചാണ് ഇപ്പോൾ പാചകം ചെയ്യുന്നത്. അന്തിയുറങ്ങുന്നതും ഇവിടെത്തന്നെയാണ്.
മണ്ണ് ഇടിഞ്ഞ് വീണപ്പോൾ കളക്ടറെ വിവരം അറിയിച്ചിരുന്നു. മണ്ണ് നീക്കം ചെയ്യാത്തതിനാൽ വൃദ്ധ ദമ്പതികൾ വലിയ ബുദ്ധിമുട്ടിലാണ്.
ജാസിംകുട്ടി
വാർഡ് കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |