കോഴിക്കോട് : സാമൂഹികാഘാത പഠനം പൂർത്തിയായതോടെ പുതിയങ്ങാടി - ഉള്ളിയേരി - കുറ്റ്യാടി സംസ്ഥാനപാത വിപുലീകരണത്തിലെ ഒരു കടമ്പകൂടി കടന്നു. കോഴിക്കോട് -കുറ്റ്യാടി പാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നിലവിലെ പാതയുടെ നവീകരണം ഏറെ നാളത്തെ ആവശ്യമാണ്. ഇടുങ്ങിയ വളവ് നിവർത്തി നവീകരിക്കുന്നതോടെ നഗരത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകും. സാമൂഹികാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ജനകീയ ഹിയറിംഗും പൂർത്തിയായി. പാതയുടെ രൂപരേഖ അശാസ്ത്രീയമായി തയ്യാറാക്കിയെന്ന വിമർശനം ഹിയറിംഗിൽ ഉയർന്നു. തിക്കോടിയിലെ വി.കെ കൺസൾട്ടൻസിയാണ് സാമൂഹികാഘാത പഠനം നടത്തിയത്. 2017 ലാണ് പദ്ധതിക്ക് ധനവകുപ്പിന്റെ അംഗീകാരം ലഭിച്ചത്. 2020 ൽ കിഫ്ബിയുടെ ഭരണാനുമതിയും ലഭിച്ചു. 14 മീറ്ററിൽ രണ്ടുവരിയായിട്ടാണ് പാത നവീകരിക്കുക. ഒന്നാം റീച്ചിൽ പുതിയങ്ങാടി മുതൽ ഉള്ളിയേരി വരെയും, രണ്ടാം റീച്ചിൽ ഉള്ളിയേരി മുതൽ കുറ്റ്യാടി വരെയുമാണ് നവീകരണം.
1008 പേരുടെ ഭൂമിയേറ്റെടുക്കും
സംസ്ഥാനപാതയ്ക്ക് ഭൂമിയേറ്റെടുക്കുമ്പോൾ ഒന്നാംറീച്ചിൽ 96 കച്ചവടസ്ഥാപനങ്ങൾ പൂർണമായും 210 എണ്ണം ഭാഗികമായും പൊളിക്കണം. 954 കുടുംബങ്ങളെ ഭൂമിയേറ്റെടുക്കൽ നേരിട്ട് ബാധിക്കുമെന്നാണ് കണക്ക്. 1008 പേരിൽനിന്നാണ് ഭൂമിയേറ്റെടുക്കേണ്ടത്. സാമൂഹികാഘാതപഠന റിപ്പോർട്ടിലാണ് ഏറ്റെടുക്കേണ്ട കെട്ടിടങ്ങളുടെയും സ്ഥലത്തിന്റെയും കണക്കുകൾ വ്യക്തമാക്കുന്നത്.
ഒന്നാംറീച്ചിൽ പുതിയങ്ങാടി മുതൽ ഉള്ളിയേരി വരെ 17.192 കിലോമീറ്ററും രണ്ടാംറീച്ചിൽ ഉള്ളിയേരി മുതൽ കുറ്റ്യാടി വരെ 25 കിലോമീറ്ററിലുമാണ് പാത നവീകരിക്കുന്നത്. 2020 ഡിസംബറിലാണ് ആദ്യഘട്ടപ്രവൃത്തിക്ക് കിഫ്ബി ഭരണാനുമതി നൽകിയത്. ഇതിനായി 82.36 കോടിയാണ് കിഫ്ബി അനുവദിച്ചത്. 23 കോടിയാണ് ഭൂമിയേറ്റെടുക്കലിന് മാത്രമായി നീക്കിവെച്ചത്.
രൂപരേഖയിൽ അശാസ്ത്രീയതയെന്ന് ആരോപണം
എലത്തൂർ മേഖലയിൽ നടന്ന ഹിയറിംഗിൽ രൂപരേഖയിൽ അശാസ്ത്രീയതയുണ്ടെന്ന് ആരോപിച്ച് പൂത്തൂർ വാർഡ് കൗൺസിലർ വി.പി മനോജ് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. വാർഡ് കൗൺസിലർമാരെ ക്ഷണിച്ചില്ലെന്നും ആരോപണം ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |