കോന്നി : പയ്യനാമൺ ചെങ്കുളം പാറമട ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെ അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എയും ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണനും ആദരിച്ചു. ദുരന്തത്തിൽ രണ്ട് അതിഥി തൊഴിലാളികൾ മരണപ്പെട്ടിരുന്നു. പ്രതികൂല കാലാവസ്ഥയേയും പാറ ഇടിഞ്ഞുവീഴുന്ന സാഹചര്യത്തെയും അതിജിവിച്ചാണ് രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്സ്, എൻ.ഡി.ആർ.എഫ്, പൊലീസ് ഉദ്യോഗസ്ഥരെയും ലോംഗ് ബൂം എസ്‌കവേറ്റർ ഓപ്പറേറ്റർ കണ്ണനെയുമാണ് ആദരിച്ചത്.
എല്ലാ സമർദത്തെയും അതീജിവിച്ചായിരുന്നു രക്ഷാപ്രവർത്തനമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത എം.എൽ.എ പറഞ്ഞു. ദുരന്തം ഉണ്ടായ ഉടൻ സ്ഥലത്തെത്തിയ ജില്ലാകളക്ടർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചതായി എം.എൽ.എ ചൂണ്ടികാട്ടി.
രക്ഷാപ്രവർത്തകരുടെ സുരക്ഷയ്ക്കാണ് ആദ്യപ്രാധാന്യം നൽകിയതെന്ന് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ പാറ ഇടിഞ്ഞുവീഴുന്ന സാഹചര്യമുണ്ടായി. തുടർന്നാണ് ലോംഗ് ബൂം എസ്‌കവേറ്റർ അടക്കം വലിയ ഉപകരണം എത്തിച്ചത്. ആലപ്പുഴ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടാണ് ഇതു സാദ്ധ്യമാക്കിയത്. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബു അദ്ധ്യക്ഷത വഹിച്ചു. അടൂർ ആർ.ഡി.ഒ എം.ബിപിൻ കുമാർ, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ആർ.രാജലക്ഷ്മി, ജില്ലാ ഫയർഫോഴ്സ് മേധാവി പ്രതാപ് ചന്ദ്രൻ, കോന്നി തഹസിൽദാർ എൻ.വി.സന്തോഷ്, കോന്നി ഡിവൈ.എസ്.പി ജി.അജയ് നാഥ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |