
ശബരിമല : അഗസ്ത്യാർകൂടത്തിന്റെ മടിത്തട്ടിൽ നിന്ന് വ്രതശുദ്ധിയോടെ ശേഖരിച്ച കാഴ്ച്ചദ്രവ്യങ്ങൾ കാണിഗോത്ര പ്രതിനിധികൾ അയ്യപ്പസ്വാമിക്ക് സമർപ്പിച്ചു. തിരുവനന്തപുരം കോട്ടൂർ വനമേഖലയിൽ നിന്നെത്തിയ 167 പേരടങ്ങുന്ന സംഘമാണ് പതിവുതെറ്റിക്കാതെ ഇത്തവണയും മലചവിട്ടി ദർശനസായൂജ്യം നേടിയത്. സംഘത്തലവൻ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ 27 കുട്ടികളും 14 മാളികപ്പുറങ്ങളും അടങ്ങുന്ന സംഘം മൂന്ന് കെ.എസ്.ആർ.ടി.സി ബസുകളിലായാണ് പമ്പയിലെത്തിയത്. അയ്യപ്പൻ എന്നു പേരുള്ള ഭിന്നശേഷിക്കാരനായ അംഗവും സംഘത്തിലുണ്ടായിരുന്നു.
മുളങ്കുറ്റിയിൽ നിറച്ച കാട്ടുചെറുതേൻ, ഈറ്റയിലും അരിചൂരലിലും മെനഞ്ഞ പൂജാപാത്രങ്ങൾ,
കാട്ടുകുന്തിരിക്കം, കരിമ്പും കാട്ടിൽ വിളഞ്ഞ കദളിക്കുലകൾ, കാട്ടുപൂക്കൾ തുടങ്ങിയ അടങ്ങുന്ന വനവിഭവങ്ങളാണ് ഇവർ അയ്യന് കാഴ്ച്ചയർപ്പിച്ചത്. പരിസ്ഥിതി സൗഹാർദ്ദമായ തീർത്ഥാടനം എന്ന സന്ദേശം കൂടിയാണ് ഇവരുടെ യാത്ര നൽകുന്നത്. വനത്തിനുള്ളിൽ നിന്ന് വ്രതശുദ്ധിയോടെ ശേഖരിച്ച കാഴ്ച്ചദ്രവ്യങ്ങൾ കാട്ടുകൂവ ഇലകളിൽ പൊതിഞ്ഞെടുത്ത് തലച്ചുമടായാണ് ഇവർ സന്നിധാനത്ത് എത്തിച്ചത്. തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷനിലെ പറ്റാംപാറ, കുന്നത്തേരി, പ്ലാവിള, കമലകം, മുക്കോത്തി വയൽ, കൊമ്പിടി, ചേനാംപാറ, മാങ്കോട്, മുളമൂട്, പാങ്കാവ് എന്നീ ഉന്നതികളിൽ നിന്നും തമിഴ്നാട് കന്യാകുമാരി ജില്ലയിലെ പ്രാവിള, കോരയാർ, ആറുകാണി എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു യാത്ര.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |