
പറക്കോട്: കർട്ടൻ വിൽപ്പനയുടെ മറവിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിൽ ഒരുസംഘം ആളുകൾ അതിക്രമിച്ച് കയറി പ്രശ്നമുണ്ടാക്കുന്നതായി പരാതി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പറക്കോട് -ചിരണിക്കൽ റോഡിൽ പ്രായമായ സ്ത്രീയും വേലക്കാരിയും മാത്രമുള്ള വീട്ടിൽ വാഹനത്തിൽ കർട്ടനുമായി ഒരുസംഘമെത്തി.
കർട്ടൻ വില കുറച്ച് നൽകാമെന്ന് പറഞ്ഞ് വിലപേശുന്നതിനിടെ ചിലർ അളവെടുക്കാനെന്ന പേരിൽ അകത്തേയ്ക്ക് തള്ളിക്കയറുകയും കർട്ടൻ മുറിച്ച് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു. ആദ്യം പറഞ്ഞ വിലയുടെ മൂന്നിരട്ടിയാണ് പിന്നീട് സംഘം ആവശ്യപ്പെട്ടത്. 14000 രൂപ വേണമെന്ന് ആവശ്യപ്പെട്ടതോടെ കർട്ടൻ ആവശ്യമില്ലെന്ന് വൃദ്ധ പറഞ്ഞു. ഇതോടെ അക്രമാസക്തമായ സംഘം മുറികളിലേക്ക് അതിക്രമിച്ച് കടക്കുകയും ഇവിടെ ആണുങ്ങളില്ലേയെന്ന് ആക്രോശിക്കുകയും ചെയ്തു.
സംഘത്തിലൊരാൾ വീടിന് ചുറ്റും നടക്കാനും തുടങ്ങി. ഇതോടെ ഭയന്ന വൃദ്ധ സമീപ പഞ്ചായത്തിൽ താമസിക്കുന്ന മകളെ ഫോണിൽ വിവരം അറിയിച്ചു. മകൾ സമീപത്ത് താമസിക്കുന്ന പ്രാദേശിക രാഷ്ട്രീയ നേതാവായ ശ്രീകുമാർ കോട്ടൂരിനെ വിവരം അറിയിച്ചു.
ശ്രീകുമാർ ഉടൻ പറക്കോട് ടൗണിലുണ്ടായിരുന്ന സുഹൃത്തുക്കളെയും തൊഴിലാളികളെയും വിവരം അറിയിച്ചു. ഇവരെത്തി സംഘത്തെ ചോദ്യം ചെയ്തതോടെ വൃദ്ധയിൽ നിന്ന് വാങ്ങിയ 3000 രൂപ തിരികെ നൽകി സാധനങ്ങളുമെടുത്ത് അതിവേഗം വാഹനത്തിൽ കടന്നുകളഞ്ഞു. രണ്ട് ദിവസം മുമ്പ് ഇതേ സംഘം ഏഴംകുളത്തും സമാനരീതിയിൽ തട്ടിപ്പ് നടത്തിയത് കേരളകൗമുദി വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാതിരുന്നതാണ് ഇത്തരം സംഘങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് എത്താൻ കാരണം.
സമാന തട്ടിപ്പ്
2 ദിവസം മുമ്പ്
ഏഴംകുളത്തും
ആവശ്യപ്പെടുന്നത്
മൂന്നിരട്ടിവില
ഭീഷണിപ്പെടുത്തലും
തന്ത്രം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |