കൊച്ചി: ദേശീയപാത 544ലെ അങ്കമാലി–കുണ്ടന്നൂർ കൊച്ചി ബൈപ്പാസ് പദ്ധതി അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് ബെന്നി ബഹനാൻ എം.പി കത്ത് നൽകി.
പദ്ധതിക്കായി 2024 ആഗസ്റ്റിൽ 3എ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും നിശ്ചിതസമയപരിധിക്കുള്ളിൽ 3ഡി വിജ്ഞാപനം ഇറങ്ങിയില്ല. ഇതാണ് പദ്ധതി വൈകാൻ കാരണമായത്. പൊതുജനങ്ങൾക്കിടയിലും സ്ഥലം നഷ്ടപെടുന്നവർക്കിടയിലും കാലതാമസം വലിയ ആശങ്കയുണ്ടാക്കി. പ്രശ്നം പരിഹരിച്ച് പദ്ധതി വേഗത്തിൽ പുനരാരംഭിക്കണം. പുതിയ 3എ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുകയും, എല്ലാ നിയമപരവും ഭരണപരവുമായ നടപടികളും വേഗത്തിൽ പൂർത്തിയാക്കി പദ്ധതി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നടപ്പാക്കണമെന്നും ബെന്നി ബഹ്നാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇൻഫോപാർക്ക്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി തുറമുഖം, റിഫൈനറി, വ്യവസായ മേഖലകൾ എന്നിവയിലേക്കുള്ള പ്രധാന കണക്ടിവിറ്റിയാകുന്നതോടൊപ്പം കുണ്ടന്നൂർ–മരടുവഴി എൻഎച്ച് 66ലേക്കുള്ള നേരിട്ടുള്ള ബന്ധവും, പ്രത്യേകിച്ച് തിരക്കേറിയ മരട്–അരൂർ ഭാഗത്തേക്കുള്ള ഗതാഗതവും ഈ ബൈപ്പാസിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
ഗതാഗതം വർദ്ധിച്ചു
• 2025-ലെ പുതിയ ഗതാഗതക്കണക്ക് പ്രകാരം അങ്കമാലി–കുണ്ടന്നൂർ എൻ.എച്ച് 544 ഭാഗത്ത് ദിവസേന ഏകദേശം 60,000 വാഹനങ്ങൾ സഞ്ചരിക്കുന്നു. ഇത് 2018ലെ ട്രാഫിക് സർവേയിൽ 2025ൽ ഉണ്ടാകുമെന്ന് കണക്കാക്കിയിരുന്ന 48,000 വാഹനങ്ങളെക്കാൾ വളരെ കൂടുതലാണ്.
• നിർദ്ദിഷ്ട കൊടുങ്ങല്ലൂർ–അങ്കമാലി പദ്ധതി പൂർത്തിയാകുന്നതോടെ ഈ വഴിയിലെ ഗതാഗതസാന്ദ്രത ഇനിയും വർദ്ധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |