
കോഴഞ്ചേരി : പാചകവാതക ലഭ്യതക്കുറവ് ജീവിതത്തിന്റെ വിവിധ മേഖലകളെ സാരമായി ബാധിച്ചു. തുടർച്ചയായ ദിവസങ്ങളിൽ ഗ്യാസ് ലഭിക്കാതെ വന്നതോടെ ഏജൻസി ഓഫീസുകൾക്ക് മുന്നിൽ തിരക്കായി. ജില്ലയിൽ ഹോട്ടലുകളും തട്ടുകടകളും അടച്ചതിന് പിന്നാലെ ഹോസ്റ്റലുകളിലും ഫ്ളാറ്റുകളിലും ഗ്യാസ് ക്ഷാമം പ്രതിസന്ധി തീർത്തിരിക്കുകയാണ്.
സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിന്റെ കോഴഞ്ചേരി - കീഴുകരയിലുള്ള മഹിളമന്ദിരത്തിൽ ഒരാഴ്ചത്തേക്കുള്ള പാചകവാതകം മാത്രമേ അവശേഷിക്കുന്നുളളൂ. 5 ജീവനക്കാരും 16 അന്തേവാസികളും ഉൾപ്പെടെ 21 പേരാണ് ഇവിടെയുള്ളത്. ബയോഗ്യാസ് പ്ലാന്റും വിറകടുപ്പുമാണ് ഇവരുടെ ഇനിയുള്ള ആശ്രയം. ഫ്ളാറ്റുകളിലെയും ഹോസ്റ്റലുകളിലെയും താമസക്കാർ ഓൺ ലൈൻ ഫുഡിനെ ആശ്രയിച്ചിരിക്കുകയാണ്. മോഡേൺ കിച്ചണുകൾ മാത്രമുള്ള ഫ്ളാറ്റുകളിൽ വിറക് അടുപ്പ് കത്തിക്കാനാകാത്തതും പ്രതിസന്ധിയാകുന്നു.
കൂടുതൽ ഹോട്ടലുകൾ പൂട്ടി
പാചക വാതക ലഭ്യതക്കുറവ് മൂലം കൂടുതൽ ഹോട്ടലുകൾ ജില്ലയിൽ ഇന്നലെ പൂട്ടി. എന്നാൽ ചില ഹോട്ടലുകളിൽ വിറകടുപ്പിൽ പാചകം തുടങ്ങിയിട്ടുണ്ട്. 1550 രൂപ നിരക്കിൽ ലഭിച്ചിരുന്ന വാണിജ്യ സിലിണ്ടറുകൾക്ക് 260ഓളം രൂപ വില വർദ്ധിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ക്ഷാമം നേരിടുന്നത്. റോഡരുകിലെ ബജ്ജി, ചായ തട്ടുകളും അടച്ചിട്ടിരിക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലെ ചെറിയ ശതമാനം ഹോട്ടലുകളിൽ മാത്രമാണ് വിറക് അടുപ്പിൽ പാചകം.
ഏജൻസി ഓഫീസുകളിൽ തിരക്ക്, ബുക്കിംഗ് സാദ്ധ്യമാകുന്നില്ല,
പാചക വാതക ലഭ്യതയിലുണ്ടായ ക്ഷാമം ഹോട്ടൽ മേഖലയെ ബാധിച്ചു.
പല ഹോട്ടലുകളും വരും ദിവസങ്ങളിൽ അടയ്ക്കേണ്ടി വരും.
പ്രസാദ് ആനന്ദഭവൻ,
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്
അസോ: സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |