സർക്കാരിന് അദാനി ഗ്രൂപ്പിന്റെ മുന്നറിയിപ്പ്
സഹകരണ ബാങ്കുകളിൽ നിന്ന് വായ്‌പയെടുക്കാൻ നീക്കം
തിരുവനന്തപുരം: പുലിമുട്ട് നിക്ഷേപത്തിനുള്ള ആദ്യ ഗഡുവായ 347 കോടി രൂപ അടിയന്തരമായി നൽകണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സമ്മർദ്ദം ശക്തമാക്കിയതോടെ സഹകരണ ബാങ്കുകളിൽ നിന്ന് വായ്‌പയെടുക്കാനുളള നീക്കവുമായി തുറമുഖ വകുപ്പ്. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് വായ്‌പയെടുക്കാനാണ് ആലോചന. പണം വൈകിയാൽ തുറമുഖ നിർമ്മാണം പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാട്ടി തുറമുഖ സെക്രട്ടറിക്ക് അദാനി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് നൽകിയ കത്തിന് പിന്നാലെയാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി മന്ത്രി അഹമ്മദ് ദേവർകോവിൽ നടത്തുന്ന കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാകും അന്തിമതീരുമാനം.100 കോടി രൂപയെങ്കിലും അടിയന്തരമായി നൽകി പ്രശ്‌നപരിഹാരത്തിനുളള തിരക്കിട്ട നീക്കത്തിലാണ് തുറമുഖ വകുപ്പ്. ഹഡ്കോ വായ്‌പയ്‌ക്ക് സർക്കാർ അനുമതിയുണ്ടെങ്കിലും നടപടിക്രമങ്ങളിൽ ഉണ്ടാകുന്ന കാലതാമസമാണ് പ്രതിസന്ധി. ഹഡ്‌കോ വായ്‌പ ലഭിക്കുമ്പോൾ സഹകരണ ബാങ്കുകളിലെ പണം തിരിച്ചടയ്‌ക്കാമെന്നാണ് കണക്കുകൂട്ടൽ.
പണം വായ്‌പ നൽകണമെന്നാവശ്യപ്പെട്ട് കെ.എസ്.എഫ്.ഇയുമായി തുറമുഖ വകുപ്പ് അധികൃതർ കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതോടെയാണ് സഹകരണ ബാങ്കുകളിൽ നിന്ന് കടമെടുക്കാനുളള നീക്കം. സെപ്‌തംബറിൽ തുറമുഖം കമ്മിഷൻ ചെയ്യണമെന്നിരിക്കെ വയബിലിറ്റി ഗ്യാപ് ഫണ്ടിലടക്കം ഒരു രൂപ പോലും ഇതുവരെ സർക്കാർ നൽകിയിട്ടില്ല.വിഴിഞ്ഞത്ത് പുലിമുട്ട് നിക്ഷേപിക്കുന്നതിനുള്ള ആകെ ചെലവായ 1387കോടി രൂപ സർക്കാർ നൽകണമെന്നാണ് കരാർ. 30 ശതമാനം പുലിമുട്ട് നിക്ഷേപിച്ചാൽ ആദ്യഗഡുവായി 347 കോടി രൂപ കൈമാറണം. നടപടികൾ പൂർത്തിയായി ഒരു മാസം പിന്നിട്ടിട്ടും പണം അനുവദിക്കാത്തതിനാലാണ് അദാനി ഗ്രൂപ്പ് സർക്കാരിന് കത്ത് കൈമാറിയത്. പണം അനുവദിക്കുന്നതിൽ കാലതാമസം ഉണ്ടായാൽ പലിശ നൽകേണ്ടി വരുമെന്ന കരാർ വ്യവസ്ഥ സർക്കാർ നടപടികൾക്ക് വേഗം കൂട്ടുമെന്ന പ്രതീക്ഷയിലാണ് അദാനി ഗ്രൂപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |