
കൊച്ചി: രാത്രി നേരത്ത് സ്ത്രീകളെയും പെൺകുട്ടികളെയും കടന്നുപിടിച്ച് അപമാനിക്കുന്നത് പതിവാക്കിയ യുവാവിനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. വൈറ്റിലയിൽ മുത്തച്ഛനൊപ്പം വീട്ടിലേക്ക് നടന്നുപോയ പ്ലസ് വൺ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച കേസിലാണ് പരാതി കിട്ടി 24 മണിക്കൂറിനകം പ്രതിയെ പൊലീസ് പിടികൂടിയത്. വൈറ്റില , കുണ്ടന്നൂർ, കളമശേരി ഉൾപ്പെടെ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ നടന്ന സമാന സംഭവങ്ങൾക്ക് ഇതോടെ തുമ്പായി.
ഇടക്കി കഞ്ഞിക്കുഴി അൽപ്പാറ പുത്തൻവീട്ടിൽ സി.ആർ. റിഗാൻസൺ റോബിനാണ് (20) മരട് പൊലീസിന്റെ പിടിയിലായത്. ഞായർ രാത്രി 10ന് കളമശേരിയിൽ നിന്ന് വൈറ്റില മെട്രോ സ്റ്റേഷനിൽ വന്നിറങ്ങിയ പെൺകുട്ടി ജനതാ ജംഗ്ഷനിലെ വീട്ടിലേക്ക് മുത്തച്ഛനൊപ്പം നടന്നു പോവുകയായിരുന്നു. വൈറ്റില ബാങ്ക് റോഡിലെത്തിയപ്പോഴാണ് റിഗാൻസൺ ഓടിയെത്തി പെൺകുട്ടിയെ ഉപദ്രവിച്ച് കടന്നുകളഞ്ഞത്. പെൺകുട്ടി ഉറക്കെ ബഹളമുണ്ടാക്കി പ്രതിയെ പിന്തുടരാൻ ശ്രമിച്ചെങ്കിലും ഇയാൾ ഇടവഴിയിലൂടെ രക്ഷപ്പെട്ടു. പ്രായാധിക്യം മൂലം അവശനായ മുത്തച്ഛൻ ഈ സമയം ഏതാനും വാര മുന്നിലായിരുന്നു.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത പൊലീസ് ഇന്നലെ രാവിലെ ബാങ്ക് റോഡിലെ വിവിധ സി.സി ടിവി ക്യാമറകളിൽ നിന്ന് ശേഖരിച്ച ദൃശ്യങ്ങൾ പ്രദേശവാസികളെ കാണിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രമുഖ എയർകണ്ടീഷൻ കമ്പനിയുടെ വൈറ്റിലയിലെ ശാഖയിൽ ജോലി ചെയ്യുന്ന റിഗാൻസണെ ഇന്നലെ വൈകിട്ടോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി സ്ത്രീകൾ സമാന പരാതിയുമായി എത്തിയിട്ടുണ്ടെന്ന് മരട് പൊലീസ് അറിയിച്ചു. ഇടപ്പള്ളിയിൽ ബന്ധുവായ സ്ത്രീയ്ക്കൊപ്പമായിരുന്നു പ്രതിയുടെ താമസം. ബന്ധു ഇടുക്കിയിൽ പോയപ്പോഴാണ് വൈറ്റിലയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തോട് ചേർന്ന് താമസം തുടങ്ങിയതും സ്ത്രീകളെ ഉപദ്രവിക്കാൻ ആരംഭിച്ചതും. കൊച്ചിയിലെ ഒരു മാളിൽ ജോലി ചെയ്യുമ്പോഴും ഇയാൾക്കെതിരെ സമാന പരാതികൾ ഉയർന്നിരുന്നു. റിഗാൻസണിന്റെ മൊബൈൽ ഫോണിൽ നിന്ന് നിരവധി യുവതികളുടെ ചിത്രങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. പോക്സോ ചുമത്തിയാണ് കേസ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |