പാലോട്: മഴ തകർത്ത് പെയ്തിട്ടും ജലക്ഷാമം രൂക്ഷമായതോടെ ഗ്രാമീണ മേഖലയിൽ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ വന്യമൃഗശല്യം നിയന്ത്രണാതീതമായി. സന്ധ്യയായാൽ കാട്ടുപന്നികൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണ്. പുലർച്ചെ റബർ ടാപ്പിംഗിന് എത്തുന്നവർ പന്നികളുടെ ആക്രമണത്തിന് ഇരയാകുന്നുമുണ്ട്. ജലക്ഷാമം രൂക്ഷമായതോടെ കാട്ടരുവികളും ആറും തോടും വറ്റിയതിനെതുടർന്നാണ് മൃഗങ്ങൾ നാട്ടിലേക്ക് എത്തുന്നത്. ഈ മേഖലയിലുള്ള സാധാരണക്കാർക്കും കുടിവെള്ളം കിട്ടാക്കനിയാണ്. കുടിവെള്ളം തേടി നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങൾ ആക്രമണകാരികളാകാറുണ്ട്. കാലൻകാവ്
നന്ദിയോട് വിതുര റൂട്ടിൽ നവോദയ സ്കുളിന് സമീപവും, വലിയ താന്നിമൂട് വളവിലും, മൈലമൂട് റൂട്ടിലും, നാഗരയിലും അറവുമാലിന്യം സാമൂഹികവിരുദ്ധർ തള്ളുന്നതിനാൽ പന്നികൾ കൂട്ടത്തോടെയാണ് ഇവിടെ എത്തുന്നത്. പന്നി ശല്യത്തിന് പുറമേ കുരങ്ങുകളും കൃഷി നശിപ്പിക്കുന്നുണ്ട്.
കാട്ടുമൃഗങ്ങൾ നാട്ടിലേക്ക്
റബ്ബർ,വാഴ, മരിച്ചീനി, പച്ചക്കറികൾ തുടങ്ങി കണ്ണിൽക്കാണുന്ന എല്ലാം നശിപ്പിച്ചിട്ടേ പന്നിക്കൂട്ടം തിരികെ മടങ്ങുകയുള്ളൂ. നന്ദിയോട്,പെരിങ്ങമ്മല, തൊളിക്കോട് പഞ്ചായത്തുകളിലെ അറവുമാലിന്യം രാത്രികാലങ്ങളിൽ കൊണ്ട് തള്ളുന്നത് റോഡിന്റെ വശങ്ങളിലും ജനവാസ മേഖലയിലുമാണ്. വനത്തോടു ചേർന്നുള്ള പ്രദേശങ്ങളിൽ ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം കൂണുപോലെയാണ് പൊട്ടിമുളയ്ക്കുന്നത്. മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ നശിക്കുമ്പോൾ ആഹാരവും വെള്ളവും തേടി നാട്ടിലേക്കിറങ്ങുന്നത് പതിവാകുകയാണ്.
പൊറുതിമുട്ടിച്ച ഏക വിളനയം
1970കളിൽ നടപ്പിലാക്കിയ സാമൂഹ്യ വനവത്കരണനയപ്രകാരം വനത്തിനുള്ളിലെ പ്ലാവും മാവും പോലുള്ള ഫലവൃക്ഷങ്ങളെല്ലാം വെട്ടി, അക്കേഷ്യയും യൂക്കാലിപ്റ്റസും പോലുള്ള ഏകവിളകൾ നട്ടുപിടിപ്പിച്ചു. ചക്കയിലും മാങ്ങയിലും എളുപ്പം ദഹിക്കുന്ന ധാന്യകം ധാരാളമുണ്ടായിരുന്നു.ഇത് വന്യമൃഗങ്ങൾക്ക് ലഭിക്കാത്ത സാഹചര്യം വന്നു. ധാന്യകമുള്ള ഏതൊരു ഭക്ഷ്യപദാർത്ഥവും മൃഗങ്ങൾക്കിഷ്ടമാണ്. വാഴപ്പഴം മാത്രമല്ല, വാഴയുടെ ഏതു ഭാഗവും ആനയ്ക്കിഷ്ടമാണ്. പുന്നെല്ലിന്റെ സുഗന്ധം ലഭിച്ചാൽ കിലോമീറ്ററുകൾ അകലെ നിന്നു പോലും ആന വരും.വനപ്രദേശങ്ങളിലെ കൃഷി എളുപ്പം ദഹിക്കുന്ന ധാന്യകമുള്ള ചക്ക,വാഴ,കപ്പ,നെല്ല് എന്നിവ വനത്തിനോടു ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ കൃഷിചെയ്യാതിരുന്നാൽ വന്യജീവിശല്യം കുറയ്ക്കാം. പ്രത്യേകിച്ചും ആന, കാട്ടുപന്നി എന്നിവയുടെ ശല്യം ഗണ്യമായി കുറയും. വന്യജീവി സങ്കേതങ്ങൾക്കടുത്തുള്ള പ്ലാവുകളിലെ ചക്ക പഴുക്കുന്നതിനു മുമ്പ് വിളവെടുക്കുന്നത് വന്യജീവികൾ ഇവ തേടിയെത്തുന്നത് ഒഴിവാക്കും.
ജലക്ഷാമവും മൃഗശല്യവും രൂക്ഷമായ ഇടങ്ങൾ
നാഗര,പ്രാമല,വട്ടപ്പൻകാട്,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |